ഷാരൂഖ് സെയ്ഫി ഷൊര്‍ണൂരില്‍ ചെലവഴിച്ചത് 15 മണിക്കൂര്‍, ടിഫിന്‍ ബോക്‌സില്‍ ഭക്ഷണം ലഭിച്ചു

കോഴിക്കോട്- എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ പ്രാദേശിക സഹായം ലഭിച്ചെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് ഷൊര്‍ണൂരില്‍ എത്തിയ ഇയാള്‍ ഒരു പകല്‍ മുഴുവന്‍ ഇവിടെ ചെലവഴിച്ചിട്ടുണ്ട്. ഈ പതിനഞ്ച് മണിക്കൂര്‍ സമയം പ്രതി എവിടേക്കെല്ലാം പോയി, ആരുമായാണ് ബന്ധപ്പെട്ടത് തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷണ സംഘം വിദഗ്ധരുടെ സഹായത്തോടെ ശേഖരിക്കുകയാണ്.
ന്യൂഡല്‍ഹിയില്‍ നിന്ന് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസില്‍ ഇയാള്‍ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നത് പുലര്‍ച്ചെ 4.25നാണ്. വൈകീട്ട് 7.21ന് ഷൊര്‍ണൂരില്‍ നിന്ന് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കയറുന്നതു വരെയുള്ള ഇയാളുടെ നീക്കങ്ങളാണ് പോലീസിന്റെ സൂക്ഷ്മപരിശോധനയിലുള്ളത്. വൈകീട്ട് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കയറുന്നതിന് മുമ്പായാണ് ഇയാള്‍ പെട്രോള്‍ പമ്പില്‍ നിന്ന് നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങുന്നത്. റെയില്‍വെ സ്‌റ്റേഷനു സമീപം ഒന്നിലധികം പെട്രോള്‍ പമ്പുകള്‍ ഉണ്ടെങ്കിലും ഒരുകിലോമീറ്റര്‍ ദൂരെ കൊളപ്പുള്ളി റോഡിലുള്ള പമ്പില്‍ നിന്നാണ് ഇയാള്‍ പെട്രോള്‍ വാങ്ങിയിരിക്കുന്നത്. ഈ റോഡിലൂടെ ഇയാള്‍ പോയത് പമ്പിലേക്ക് മാത്രമാണോ എന്ന് പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്ക് കിട്ടിയ ടിഫിന്‍ ബോക്‌സില്‍ കേരള ഭക്ഷണമാണുള്ളത്. ഇത് പ്രാദേശികമായി ആരോ എത്തിച്ചുകൊടുത്തതാണോ എന്ന് സംശയവും പോലീസിനുണ്ട്.
രണ്ടു ഫോണുകളാണ് പ്രതിയുടെ പക്കലുണ്ടായിരുന്നത്. രണ്ടും സ്വിച്ചോഫാക്കി സിം ഊരിയെടുത്താണ് ഇയാല്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയില്‍ കയറുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ വെച്ച് സിം ഇല്ലാതെ തന്നെ ഇയാള്‍ വാട്‌സാപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍കാള്‍ വിവരങ്ങളുടെയും വാട്‌സാപ്പ് ചാറ്റുകളുടെയും ശാസ്ത്രീയ പരിശോധന നടന്നുവരികയാണ്.