LogoLoginKerala

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്: പ്രതി ഷാരൂഖിനെ 31 മുതല്‍ വീട്ടില്‍ നിന്ന് കാണാതായെന്ന് പിതാവ്‌

ഷാരൂഖ് രഹസ്യ കസ്റ്റഡിയില്‍? കൂട്ടുപ്രതികളെ കണ്ടെത്തിയ ശേഷം അറസ്റ്റ്
 
shah rookh sheikh

ഡല്‍ഹി- എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫിനെ മാര്‍ച്ച് 31 മുതല്‍ വീട്ടില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഇതിനെ തുടര്‍ന്ന് പിതാവ് ഫക്രുദ്ദീന്‍ സെയ്ഫി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് എലത്തൂരില്‍ ട്രെയിന്‍ തീവെപ്പ് നടന്ന സ്ഥലത്ത് നിന്ന് ഷാരൂഖ് സെയ്ഫിന്റെ മൊബൈല്‍ ഫോണടക്കമുള്ള സാധനങ്ങള്‍ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതും അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിച്ചതും. 
തന്റെ മകന്‍ കേരളത്തിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് ഫക്രുദ്ദീന്‍ സെയ്ഫി പറയുന്നത്. നോയ്ഡ വിട്ട് അധികം ദൂരേക്ക് ഇതുവരെ പോയിട്ടില്ലാത്ത സെയ്ഫി എന്തിന് കേരളത്തിലേക്ക് പോയെന്ന ചോദ്യത്തിന് മുന്നില്‍ ഇദ്ദേഹം കൈമലര്‍ത്തുകയാണ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കുറിപ്പുകള്‍ എഴുതിയത് തന്റെ മകനല്ലെന്നും ഫക്രുദ്ദീന്‍ പറയുന്നുണ്ട്. ഇംഗ്ലീഷ് ഭംഗിയായി എഴുതാനോ സംസാരിക്കാനോ അറിയാത്ത ആളാണ് ഷാരൂഖ് എന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതോടൊപ്പം ലഭിച്ച ഫോണ്‍ ഷാരൂഖിന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഷാറൂഖിനെ കാണാതായതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഈ നമ്പര്‍ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും സ്വിച്ചോഫായിരുന്നു. ട്രെയിന്‍ തീവെപ്പ് അന്വേഷിക്കുന്ന പോലീസ് സംഘം ഈ മൊബൈല്‍ ഫോണിലെ കാള്‍ ഡീറ്റെയ്ല്‍സ് ശേഖരിച്ചപ്പോള്‍ ഡല്‍ഹിയില്‍ വെച്ചാണ് അവസാനം വിളിച്ചതെന്നും അതിന് ശേഷം സ്വിച്ചോഫാണെന്നും കണ്ടെത്തി. 
ഷാരൂഖും പിതാവ് ഫക്രുദ്ദീനും നോയ്ഡയില്‍ മരപ്പണിക്കാരാണ്. ഇരുവരും ഒരുമിച്ചാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. എന്തിന് ഇയാള്‍ വീടുവിട്ട് കേരളത്തിലേക്ക് പോയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് യു പി പോലീസും കേരള പോലീസും കേന്ദ്ര ഏജന്‍സികളും ഒരുമിച്ച് ശ്രമിക്കുന്നത്. കേരളത്തിലേക്ക് ഷാരൂഖിനെ കൊണ്ടുപോയത് ആരെന്നതാണ് അവര്‍ ആഴത്തില്‍ അന്വേഷിക്കുന്നത്. ആക്രമണത്തിന് തീവ്രവാദ സ്വഭാവമുള്ളതിനാല്‍ ഷാരൂഖ് സെയ്ഫ് ആരൊക്കെയായിട്ടാണ് ഇടപഴകിയിരുന്നതെന്നും സൗഹൃദവലയത്തിലുള്ളവര്‍ ആരൊക്കെയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ ഫോണില്‍ നിന്ന് ലഭിച്ച കോണ്‍ടാക്ടുകള്‍ പിന്തുടര്‍ന്നാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഏതാനും പേരെ യു പി പോലീസും ഡല്‍ഹി പോലീസും ചോദ്യം ചെയ്തിരുന്നുവെങ്കിലും സംഭവവുമായി ബന്ധമില്ലെന്നു കണ്ട് വിട്ടയച്ചു. 
ഷാരൂഖ് സെയ്ഫ് കണ്ണൂരില്‍ കേരളാ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ ഇയാള്‍ ആക്രമണം നടത്തിയതിന്  പിന്നിലെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കാനും കൂട്ടുപ്രതികളെ കണ്ടെത്താനുമായി ഇയാളുടെ കസ്റ്റഡി വിവരം അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കാര്യങ്ങളില്‍ വ്യക്തത വന്ന ശേഷം മാത്രമായിരിക്കും ഷാരൂഖ് ഷെയ്ഖിന്റെ അറസ്റ്റ് രേഖപ്പെടുത്തൂവെന്നാണ് അനുമാനം.