LogoLoginKerala

പരീക്ഷയെഴുതാതെ എസ് എഫ് ഐ നേതാവ് പി എം ആര്‍ഷോ 'ജയിച്ചു', വിവാദമായപ്പോള്‍ 'തോറ്റു'

 
PM ARSHO

കൊച്ചി- എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ മാര്‍ക്ക് രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും പട്ടിക പ്രാകരം പരീക്ഷ പാസായവരുടെ കൂട്ടത്തിലാണ്. വിവാദത്തെ തുടര്‍ന്ന് വെബ്‌സൈറ്റില്‍ നിന്ന് പാസ്ഡ് എന്നത് നീക്കം ചെയ്തു. ഇപ്പോള്‍ ഫെയില്‍ഡ് എന്നാണ് വെബ്‌സൈറ്റിലുള്ളത്. മാര്‍ച്ചിലാണ് പരീക്ഷയുടെ റിസള്‍ട്ട് പുറത്തുവന്നത്. 
മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്ക് മാര്‍ക്ക് കാണിച്ചിട്ടില്ല. പക്ഷെ പാസ്സായി എന്നാണ് ലിസ്റ്റില്‍ പറയുന്നത്. 2021 ലാണ് ആര്‍ഷോ അഡ്മിഷന്‍ നേടിയത്. 2022 ഡിസംബറില്‍ നടന്ന പരീക്ഷയില്‍ ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല.  

ആര്‍ഷോയുടെ മാര്‍ക്ക്‌ലിസ്റ്റില്‍ 'പാസ്സ്ഡ്' എന്ന് കൊടുത്തിരുന്നെങ്കിലും വിഷയങ്ങളുടെ മാര്‍ക്ക് രേഖപ്പെടുത്തേണ്ട കോളങ്ങളില്‍ പൂജ്യമെന്നാണ് എഴുതിയിരുന്നത്. ഇത് സാങ്കേതിക പിഴവാണെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ വി.എസ്. ജോയ് പറയുന്നത്. എന്‍.ഐ.സി.യാണ് മാര്‍ക്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത്. മാര്‍ക്ക്‌ലിസ്റ്റിലെ പിഴവ് ഇപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ തന്നെ നീക്കംചെയ്തിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

പി എം അര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമ വാര്‍ത്ത ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. വിവരങ്ങള്‍ പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തി.