പടക്ക വിപണിയിൽ മാന്ദ്യം; ഉടമകൾ 'ഒളിവിൽ'
Updated: Apr 12, 2023, 22:42 IST
കൊച്ചി - ഈസ്റ്റർ - വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഇത്തവണ പടക്ക വിപണിയിൽ മുമ്പൊങ്ങും അനുഭവപ്പെടാത്ത മാന്ദ്യം.ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ കർശന നിർദ്ദേശത്തെത്തുടർന്നുള്ള മിന്നൽ പരിശോധനകളാണ് പടക്ക വിപണിയെ സാരമായി ബാധിച്ചത്.ഈസ്റ്ററിന് കച്ചവടം മന്ദഗതിയിലായിരുന്നു. വിഷു കച്ചവടത്തിലുള്ള പ്രതീക്ഷയും നിരന്തരമുള്ള പരിശോധന മൂലം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് വരാപ്പുഴ മുട്ടിനകത്ത് പടക്കനിർമാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കാൻ ഇടയായ സംഭവമാണ് ജില്ലയിലെ പടക്ക നിർമാണ സംഭരണ വിപണന മേഖലയെ ആകെ സാരമായി ബാധിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം പറവൂർ, ചെറായി മേഖലയിലെ പടക്കനിർമാണ സ്ഥാപനങ്ങളിൽ പോലീസും റവന്യൂ അധികാരികളും പലവട്ടം ഇതിനകം പരിശോധന നടത്തി. പലർക്കും പരിമിതമായ രീതിയിൽ മാത്രമേ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാൻ ലൈസൻസുള്ളു.
അനുവദനീയമായതിൻ്റെ പത്തിരട്ടി വരെ വിവിധ ഇനം പടക്കങ്ങൾ സ്റ്റോക്ക് ചെയ്ത് വിൽപന നടത്തിയാണ് ഉടമകൾ ലാഭം കൊയ്തിരുന്നത്. ഇത്തവണ അതിന് സാധിച്ചില്ല. മുൻ കാലങ്ങളിൽ വിഷു അടക്കമുള്ള ആഘോഷവേളകളിൽ വഴിയോരങ്ങളിൽ പടക്ക വിൽപന പൊടിപൊടിച്ചിരുന്നു. ഇത്തവണ അതൊന്നും കാണാനില്ല. ചില ഇനം പടക്കങ്ങൾ കിട്ടാനില്ലെന്ന് മാത്രമല്ല ഉള്ളവക്ക് വില വളരെ കൂടുതലുമാണ്. ചൈനീസ് പടക്കങ്ങളാണ് വിപണി കയ്യടക്കിയിരിക്കുന്നത്.
ഇതേ സമയം, നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും ഉദ്യോഗസ്ഥ തലത്തിലുള്ള ചൂഷണത്തിന് യാതൊരു കുറവുമില്ലത്രെ. കേന്ദ്ര സംസ്ഥാന തലത്തിലുള്ള 17 ഓളം വകുപ്പ് ഉദ്യോഗസ്ഥരാണ് സൗജന്യമായി പടക്കങ്ങൾ വാങ്ങാൻ എത്തുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുതൽ പഞ്ചായത്ത് ജീവനക്കാർ വരെ ഇക്കുട്ടത്തിൽപ്പെടുന്നു. ചിലർക്ക് വീട്ടിലും ഭാര്യാ വീട്ടിലും പടക്കം എത്തിച്ചു കൊടുക്കണം. 'വിഷുകൈനീട്ടം' കവറിലാക്കി വേറെയും നൽകണം. ചിലർ ഔദ്യോഗിക വാഹനങ്ങളിൽ എത്തിയാണ് ഓസിന് പടക്കങ്ങൾ കടത്തുന്നത് .
ഇവരെ പേടിച്ച് ഇത്തവണ സ്ഥാപന ഉടമകളിൽ പലരും മുങ്ങിയിരിക്കുകയാണ്.
ചൂഷണം കൊണ്ട് അറുതിമുട്ടിയ ചിലർ ഈ രംഗം തന്നെ വിടുവാനുള്ള ആലോചനയിലാണ്.