പരസ്പരം ആക്ഷേപിച്ച് വി ഡി സതീശനും മുഹമ്മദ് റിയാസും
റിയാസ് മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആളെന്ന് സതീശന്‍
സതീശന്‍ ആര്‍ എസ് എസിന് നട്ടെല്ല് പണയം വെച്ചെന്ന് റിയാസ്

സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് സതീശന്‍
അദ്ദേഹത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയേ മന്ത്രിപ്പണിയെടുക്കാവൂ എന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടെങ്കില്‍ അലമാരയില്‍ അത് പൂട്ടിവെക്കുന്നതാണ് നല്ലതെന്നു റിയാസ്
മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ മന്ത്രി മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തെ അധിക്ഷേപിക്കാന്‍ എന്താണധികാരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി ഡി സതീശന് ആര്‍എസ്എസുമായി അന്തര്‍ധാരയുണ്ടെന്നും പിന്‍വാതിലിലൂടെയാണ് വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതെന്നും മന്ത്രി മുഹമ്മദ് റിയാസിന്റെ തിരിച്ചടി. നിയമസഭയിലുണ്ടായ പ്രക്ഷുബ്ധരംഗങ്ങളുടെ തുടര്‍ച്ചയായി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലാണ് പ്രതിപക്ഷ നേതാവും മന്ത്രിയും പരസ്പരം അധിക്ഷേപിച്ചത്.
സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് സതീശന്‍ ആക്ഷേപിച്ചു. മരുമകന്‍ എത്രത്തോളം പി ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നില്‍. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമം. നിയമസഭാ നടപടികളെ അട്ടിമറിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ അജണ്ടയാണ് സഭയില്‍ നടക്കുന്നത്. ഒരു പേപ്പര്‍ മേശപ്പുറത്ത് വെക്കാന്‍ സ്പീക്കര്‍ വിളിച്ചപ്പോള്‍ അതിന് പകരം, പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാന്‍ എന്ത് അധികാരമാണ് പൊതുമരാമത്ത് മന്ത്രി റിയാസിനുള്ളത്. മനപ്പൂര്‍വം പ്രകോപിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ചെങ്കോട്ടുകോണത്ത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളില്‍ നിസാരമായ കാരണങ്ങള്‍ പറഞ്ഞ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ഇതിന് മറുപടിയായാണ് സതീശനെതിരെ മുഹമ്മദ് റിയാസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. കൃത്യമായ അജണ്ടയുടെ ഭാഗമായായിരുന്നു നഭയിലെ പ്രതിപക്ഷ നടപടിയെന്ന് റിയാസ് കുറ്റപ്പെടുത്തി.
അദ്ദേഹത്തെ രാവിലെ കണ്ട് ഗുഡ് മോണിങ് പറഞ്ഞ് വൈകീട്ട് ഗുഡ് ഈവനിങ് പറഞ്ഞാല്‍ മാത്രമേ മന്ത്രിപ്പണിയെടുക്കാന്‍ പറ്റൂവെന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നു. മന്ത്രിമാരായ വീണ ജോര്‍ജ്ജിനെ, ശിവന്‍കുട്ടിയെ, അബ്ദുറഹ്മാനെ അങ്ങനെ മന്ത്രിമാരെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയാണ്. അദ്ദേഹത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയേ മന്ത്രിപ്പണിയെടുക്കാവൂ എന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ അലമാരയില്‍ അത് പൂട്ടിവെക്കുന്നതാണ് നല്ലതെന്നും മന്ത്രി റിയാസ് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നിയമസഭ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒരു പ്രസ്ഥാനത്തിന്റെ നേതാവായി ഇരിക്കുകയും എംഎല്‍എമാരെ ഉള്‍പ്പടെ വഞ്ചിക്കുകയമാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസുമായി അന്തര്‍ധാരയുണ്ടാക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായും കേന്ദ്ര സര്‍ക്കാരുമായും പ്രതിപക്ഷ നേതാവിന് അന്തര്‍ധാരയുണ്ട്. കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിപക്ഷ നേതാവ് മിണ്ടിയില്ല, പ്രതിപക്ഷ അംഗങ്ങളെ മിണ്ടാന്‍ അനുവദിച്ചുമില്ല. പാചകവാതക വില വര്‍ധനയിലും മിണ്ടിയില്ല. കോണ്‍ഗ്രസില്‍ നില്‍ക്കുകയും മതനിരപേക്ഷ കോണ്‍ഗ്രസുകാരെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.
എല്ലാ മന്ത്രിമാരെയും ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. അദ്ദേഹത്തിന് ഒരു ഈഗൊ ഉണ്ടെന്നു തോന്നുന്നു. അദ്ദേഹം പ്രതിപക്ഷ നേതാവായത് പിന്‍വാതില്‍ നിയമനത്തിലൂടെയാണ് എന്ന ഈഗൊയാണ്. അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും അംഗീകാരം ലഭിക്കാത്തതിന്റെ ഈഗോയുമാണ് കാണുന്നത്. വി ഡി സതീശന്റെ നട്ടെല്ല് ആര്‍എസ്എസിനു പണയം വച്ചിരിക്കുകയാണെന്നും റിയാസ് ആക്ഷേപിച്ചു. ഞങ്ങള്‍ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനം ചുമതലയേല്‍പ്പിച്ചിട്ടാണ്. വികസനത്തില്‍ എല്ലാ എംഎല്‍എമാരും യോജിപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ സിപിഎമ്മിനെതിരെ ആക്ഷേപം വന്നാല്‍ മിണ്ടാതിരിക്കേണ്ട സ്വതന്ത്ര പദവിയല്ല മന്ത്രി പദവി. അങ്ങനെ സ്വതന്ത്രരായല്ല മന്ത്രിയായത്. ലക്ഷക്കണക്കിന് ആളുകള്‍ അധ്വാനിച്ചിട്ടാണ് ഞങ്ങള്‍ അധികാരത്തിലെത്തിയത്. നിരവധി പേരുടെ ത്യാഗമുണ്ടതില്‍. ജീവിതത്തില്‍ 30 മിനിറ്റ് പോലും ജയില്‍ വാസം അനുഭവിക്കാത്ത അദ്ദേഹത്തിന് രാഷ്ട്രീയ ത്യാഗം അറിയില്ലെന്നും മന്ത്രി റിയാസ് വിമര്‍ശിച്ചു.