LogoLoginKerala

കേരള സ്‌റ്റോറീസ് ബഹിഷ്‌കരിക്കണമെന്ന് സാംസ്‌കാരിക മന്ത്രിയുടെ ആഹ്വാനം

നിയമനടപടികള്‍ക്കുള്ള സാധ്യത പരിശോധിക്കും
 
saji cheriyan

കേരള സ്റ്റോറീസ് സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ചലച്ചിത്ര സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കേരളത്തിലിന്നുള്ള സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമയാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മറ്റു പല സംസ്ഥാനങ്ങളിലേപോലെ നാട് കലാപകലുഷിതമാക്കി രാഷ്ട്രീയ മുന്നേറ്റം നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. കേരളത്തിലെ മതനിരപേക്ഷ മനസ്സുള്ളവര്‍ ഒന്നടങ്കം സിനിമ ബഹിഷ്‌കരിക്കണം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'കേരള സ്റ്റോറീസ് എന്ന പ്രൊപ്പഗാണ്ട സിനിമ മെയ് അഞ്ചിന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രെയിലര്‍ ഇപ്പോള്‍ റിലീസ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നും 32,000 വനിതകളെ ഭീകരവാദ പ്രവര്‍ത്തനത്തിന് വേണ്ടി റിക്രൂട്ട്മെന്റ് നടത്തി അവരെ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെമ്പാടും, ലോകത്തെമ്പാടും ഭീകരവാദ പ്രവര്‍ത്തനം നടത്തി എന്നതാണ് സിനിമയുടെ ആശയം എന്നാണ് മനസിലാക്കുന്നത്. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതോ സാമാന്യബുദ്ധി ഉള്ള ആരും അംഗീകരിക്കുന്നതോ ആയ കാര്യമല്ല. കേരളത്തെ അങ്ങേയറ്റം അപമാനിക്കുന്ന നീക്കമായി മാത്രമാണ് ഇതിനെ കാണാന്‍ സാധിക്കുക.  
കേരളത്തില്‍ ഇന്നുള്ള മതസൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ ഒരു സിനിമയായിട്ടാണ് ഇതിനെ കാണുന്നത്. വിദ്വേഷത്തിന്റെ വിത്തുകള്‍ മുളപ്പിച്ച് ഗുജറാത്തിലും ത്രിപുരയിലും കര്‍ണാടകയിലും തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കലാപകലുഷിതമായ അന്തരീക്ഷത്തിലൂടെ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറെടുപ്പ് നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാന്‍ വേണ്ടിയുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ് ഈ സിനിമ എന്നതാണ് വസ്തുത. ഇത് ഒരു കാരണവശാലും കേരളീയ സമൂഹം അംഗീകരിക്കാന്‍ പോകുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മതമൈത്രി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ ഹിന്ദു ആണെങ്കിലും മുസ്ലിമാണെങ്കിലും ക്രിസ്ത്യന്‍ ആണെങ്കിലും സാഹോദര്യമനോഭാവം നിലനിര്‍ത്തി ജീവിക്കുന്ന സ്ഥലമാണ് നമ്മുടെ നാട്. ഈ നാട് മുഴുവന്‍ ഭീകരവാദത്തിന്റെ വിളനിലം ആണെന്ന പ്രചാരണം ആര് നടത്തിയാലും ആര് ശ്രമിച്ചാലും വിജയിക്കുന്ന ഒരു സംസ്ഥാനമല്ല. അത്തരം തെറ്റായ കാര്യങ്ങള്‍ക്കെതിരായി ശക്തമായി നിലപാട് സ്വീകരിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം. ഈ സിനിമ കേരളത്തെ ഭിന്നിപ്പിക്കുന്നതിന് വേണ്ടി, കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടാക്കി വര്‍ഗീയത മുളപ്പിക്കാനും ഭാവിയില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള ആസൂത്രിത നീക്കം ആയിട്ടാണ് കാണുന്നത്. ഇതിനെതിരെ ശക്തമായ വികാരം കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരണം. മതേതര കേരളം ഈ സിനിമയെ അവജ്ഞയോടെ തള്ളിക്കളയണം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് സമൂഹത്തെ വിഷലിപ്തമാക്കാനുള്ള ലൈസന്‍സല്ല. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടികളുടെ ഉള്‍പ്പെടെ സാധ്യത പരിശോധിക്കും.'