സച്ചിന്‍ പൈലറ്റിന്റെ പ്രഖ്യാപനം നാളെ, ആശങ്കയോടെ കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി - രാജസ്ഥാനില്‍ രാജേഷ് പൈലറ്റിന്റെ അനുസ്മരണ ദിനമായ നാളെ മകന്‍ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് ഹൈ്ക്കമാന്‍ഡ് തള്ളിയെങ്കിലും സച്ചിന്റെ നീക്കങ്ങള്‍ ഉറ്റുനോക്കുകയാണ് നേതൃത്വം. പുതിയ പാര്‍ട്ടി സംബന്ധിച്ച് വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുമ്പോഴും സച്ചിന്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ സുപ്രധാന ചുവടുവെയ്പ് നാളെ ഉണ്ടായേക്കാമെന്ന സൂചനകള്‍ അതുകൊണ്ടു തന്നെ ശക്തമാണ്.
സച്ചിന്‍ പൈലറ്റ് കടുത്ത പ്രഖ്യാപനം നടത്തിയാല്‍ എങ്ങനെ പ്രതിരോധിക്കണമെന്ന് ആലോചിക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അടക്കമുള്ളവര്‍ ജയ്പുരില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ, സഹചുമതലക്കാരായ അമൃത ധവാന്‍, കാസി നിസാമുദ്ദീന്‍, വീരേന്ദ്ര റാത്തോഡ്, മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ടോഠാസ്ര എന്നിവര്‍ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം പൈലറ്റ് പുതിയ പാര്‍ടി രൂപീകരിക്കുമെന്ന് കരുതുന്നില്ലെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറയുന്നു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വാര്‍ത്തകളെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. സച്ചിന്‍ പൈലറ്റുമായി രണ്ടുമൂന്ന് വട്ടം സംസാരിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഐക്യത്തോടെ പൊരുതുമെന്നും വേണുഗോപാല്‍ പറഞ്ഞു.