LogoLoginKerala

ശ്രീനിജന് അനുകൂല വിധി; സാബു എം ജേക്കബ് ഒന്നാം പ്രതി

 
sreenijan

കോലഞ്ചേരി: ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെതിരെ കേസ്. കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിന്റെ പരാതിയില്‍ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സാബു എം. ജേക്കബിനെ ഒന്നാം പ്രതിയാക്കിക്കൊണ്ട് പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കഴിഞ്ഞ മലയാള മാസം ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷി ഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം.എല്‍.എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ച കാരണം ചൂണ്ടിക്കാട്ടി എംഎല്‍എ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പട്ടികജാതിയില്‍പ്പെട്ട ആളാണെന്ന് അറിഞ്ഞു കൊണ്ട് സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തില്‍ നടത്തുന്ന പരിപാടികളില്‍ എംഎല്‍എയോടൊപ്പം വേദി പങ്കിടുന്നതിന് ട്വന്റി-20 എന്ന പ്രാദേശിക പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയെന്നുമാണ് പരാതി. ഇതിനായി ഗൂഢാലോചന നടത്തി ട്വന്റി-20 പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് പട്ടികജാതിക്കാരനായ തന്നെ സാമൂഹ്യ വിലക്ക് ഏര്‍പ്പെടുത്തിയെന്നും എംഎല്‍എ പരാതി ചൂണ്ടിക്കാട്ടുന്നു.