LogoLoginKerala

ഇനി വ്രതശുദ്ധിയുടെയും ശരണമന്ത്രങ്ങളുടെയും നാളുകള്‍; ശബരിമല നട നാളെ തുറക്കും

 
sabarimala

പത്തനംതിട്ട: മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്ര നടകള്‍ തുറന്ന് വിളക്ക് തെളിക്കും. പിന്നീട് താഴെ തിരുമുറ്റത്ത് ആഴിയില്‍ അഗ്നി പകരും. നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകള്‍ നാളെ വൈകിട്ട് നടക്കും. 

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ഇരുവരെയും നിലവിലെ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍ കലശാഭിഷേകം നടത്തി അവരോധിച്ച് കാതില്‍ മൂലമന്ത്രം ഓതിക്കൊടുക്കും. മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയെയും കലശാഭിഷേകം നടത്തി അവരോധിക്കും.

പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും 17ന് പുലര്‍ച്ചെ ഇരുക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ പൂജകള്‍ പൂര്‍ത്തിയാക്കിയ പരമേശ്വരന്‍ നമ്പൂതിരി നാളെ രാത്രി പതിനെട്ടാം പടിയിറിങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലതീര്‍ത്ഥാടനം ജനുവരി 20ന് സമാപിക്കും.