LogoLoginKerala

വോട്ടിനുള്ള റബ്ബർ കർഷകന്റെ ഉപാധി; വിവാദങ്ങൾക്ക് പിന്നാലെ ബിഷപ്പ് പാംപ്ലാനിയെ കണ്ട് റബ്ബർ ബോഡ് ചെയർമാൻ

 
Bishop pamplani
കണ്ണൂർ - തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന വിവാദ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച.
റബ്ബറിന്റെ താങ്ങു വില വർധിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ, ആർച്ച് ബിഷപ്പ് പാംപ്ലാനിക്ക് ഉറപ്പ് നൽകി. കണ്ണൂർ നെല്ലിക്കാംപൊയിലിൽ നടന്ന കൂടിക്കാഴ്ചയിൽ റബ്ബർ കർഷകരുടെ മറ്റു പ്രശ്‌നങ്ങളും ചർച്ചയായി. 
 തലശ്ശേരിയിൽ കത്തോലിക്കാ കോൺഗ്രസ് അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിലെ ബിഷപ്പിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് റബ്ബർ ബോർഡ് ചെയർമാന്റെ മിന്നൽ സന്ദർശനം.
 കേരളത്തിൽനിന്ന് ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം പരിഹരിക്കാൻ ഉപാധിയുണ്ടെന്നായിരുന്നു ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത്. റബറിന്റെ വില കേന്ദ്ര സർക്കാർ 300 രൂപയായി പ്രഖ്യാപിച്ചാൽ കുടിയേറ്റ ജനത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്നും പറഞ്ഞിരുന്നു. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകസമൂഹം തിരിച്ചറിയണമെന്നും കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചിരുന്നു. ഇത് വിവിധ തലങ്ങളിൽ ചർച്ചയായിരുന്നു. 
 2024-ലെ പാർല്ലമെന്റ് തെരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ ബി.ജെ.പിക്കു നേട്ടമുണ്ടാക്കാൻ സഭാ മേധാവികളെ സ്വാധീനിക്കാനായി വിവിധ തലത്തിലുള്ള ഇടപെടലുകളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് സഭാ പ്രീണനവും മറുഭാഗത്ത് സഭക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങളും സംഘപരിവാർ ശക്തികൾ തുടരവെയാണ് ക്രിസ്ത്യൻ വോട്ടുബാങ്കിൽ പ്രതീക്ഷയർപ്പിച്ചുള്ള നീക്കങ്ങൾ നടക്കുന്നത്. ഇതിനെ ഇടത്-വലത് കേന്ദ്രങ്ങളും അതീവ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.