LogoLoginKerala

ഏകനായ് മടക്കം; ജനനായകന്‍ ഇനി ഹൃദയങ്ങളില്‍

 
Oomman Chandy

കേരളം ഇതിനു മുന്‍പൊന്നും ഇത്രമേല്‍ വിങ്ങിപ്പൊട്ടിയിട്ടുണ്ടാകില്ല. ഒരു നേതാവും സാധാരണക്കാരില്‍ ഇത്രമേല്‍ സ്വാധീനം ചെലുത്തിയിട്ടുമില്ല. അന്നും ഇന്നും എന്നും ജനമനസുകളിലാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം. പകരം വെക്കാനില്ലാത്ത കളങ്കമില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമാണ് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്.

കഴിഞ്ഞ 53 വര്‍ഷം കര്‍മ്മനിരതനായി ജന്മനാടായ പുതുപ്പള്ളിയില്‍ നിന്ന് മത്സരിച്ച് ജയിച്ച് അവിടുത്തുകാര്‍ക്ക് വേണ്ടി ജീവിച്ച അവരുടെ പ്രിയ കുഞ്ഞൂഞ്ഞിനെ യാത്ര അയക്കുക എന്നത് പുതുപ്പള്ളിക്കാര്‍ക്ക് ഹൃദയഭേദകമായ കാഴ്ച്ച തന്നെയാണ്. എന്നും എപ്പോഴും ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയ നേതാവിനോട് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കുമുള്ള സ്‌നേഹം കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടറിഞ്ഞതാണ്.

പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാര ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയില്‍ പതിനായിരങ്ങളാണ് നിറകണ്ണുകളോടെ അനുഗമിച്ചത്.

ആയിരക്കണക്കിന് ആളുകളുടെ പരാതികള്‍ക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദര്‍ശനവും പ്രാര്‍ഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ വിലാപ യാത്രയില്‍ പങ്കെടുത്തു.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിയൊമ്പത് മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി കാണാന്‍ കാത്തുനിന്നത്.

തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.  വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാന്‍ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയില്‍ കടന്നപ്പോള്‍ നിലമേലില്‍ വന്‍ജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയില്‍ ചൊവ്വാഴ്ച മുതല്‍ സര്‍വമത പ്രാര്‍ഥനയുമായി കാത്തിരുന്ന നാട്ടുകാര്‍ വിലാപയാത്രയെത്തിയപ്പോള്‍ വാഹനം പൊതിഞ്ഞു.

ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. ഇതിന് മുന്‍പ് കോട്ടയം തിരുനക്കര മൈതാനിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്ക് എത്തി.

ഏകാന്തതയെ ഇഷ്ടമല്ലാത്ത, ആള്‍ക്കൂട്ടത്തെ സ്‌നേഹിക്കുന്ന പ്രിയ നേതാവിന് ഇനി അന്ത്യവിശ്രമത്തിന്റെ നാളുകള്‍.... പ്രശ്‌നപരിഹാരമില്ല, ജനസമ്പര്‍ക്ക പരിപാടികളില്ല, ആറടി മണ്ണിലുള്ള വിശ്രമ നാളുകളാണ് ഇനി....