മയക്കുവെടിവെച്ച കരടി കിണറ്റില്‍ വീണ് ചത്തതില്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം- വെള്ളനാട്ടില്‍ കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വനംവകുപ്പ് ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ വീണ വന്യമൃഗത്തെ പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളില്‍ പിഴവ് പറ്റിയതായാണ് റിപ്പോര്‍ട്ട്
വെള്ളത്തില്‍ കിടക്കുന്ന വന്യമൃഗത്തെ പിടികൂടുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉണ്ടെങ്കിലും കിണറ്റില്‍ വീണ കരടിയെ പുറത്തെടുക്കുന്നതില്‍ അതു പാലിച്ചിട്ടില്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥലത്തുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള വന്യമൃഗത്തെ പിടികൂടുമ്പോള്‍ മയക്കുവെടി വയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍. ഇത് ലംഘിക്കപ്പെട്ടു. മയക്കുവെടിയേറ്റ് അസ്വസ്ഥനാകുന്ന കരടി അനങ്ങുമ്പോള്‍ കയര്‍വല നീങ്ങാനോ, കിണറ്റിലെ വെള്ളത്തിലേക്ക് പതിക്കാനോ ഉള്ള സാധ്യതകള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി കാണാനാവാഞ്ഞതും വീഴ്ചയാണ്. മയക്കുവെടി ഏല്‍ക്കുന്ന ജീവി, അപകസാഹചര്യത്തിലേക്ക് നീങ്ങിയാല്‍ ആന്റി ഡോട്ട്, പ്രയോഗിക്കാമെന്നിരിക്കെ വെള്ളനാട് അതുമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും അനുമതി വാങ്ങിയാണ് മയക്കു വെടിവച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. രണ്ട് ദിവസത്തിനകം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും..
സംഭവത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി രംഗത്തുവന്നു. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മേനക ഗാന്ധി പറഞ്ഞു. കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും സംഭവിച്ചത് നാണക്കേടാണെന്നും മേനക ഗാന്ധി പ്രതികരിച്ചു.
കരടി ചത്ത സംഭവത്തില്‍ രക്ഷാദൗത്യ നടപടികളില്‍ വീഴ്ചയെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. രക്ഷാദൗത്യ നടപടികളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ല. മയക്കുവെടിവച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.10 നാണ് കണ്ണംപള്ളി സ്വദേശി അരുണിന്റെ കിണറ്റില്‍ കരടി വീണത്.