ബ്രിജ് ഭൂഷണെ 9നകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന് മഹാപഞ്ചായത്ത്
ന്യൂഡല്‍ഹി- ലൈംഗിക പീഢന കേസില്‍ പ്രതിയായ റെസ്ലിങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ജൂണ്‍ ഒമ്പതിനു മുന്‍പ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ മഹാ പഞ്ചായത്തിനു ശേഷമാണ് പ്രഖ്യാപനം. അറസ്റ്റുണ്ടായില്ലെങ്കില്‍ രാജ്യമൊട്ടാകെ പഞ്ചായത്തുകള്‍ സംഘടിപ്പിക്കും. ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറിലെ സമരവേദിയില്‍ തിരിച്ചെത്തുമെന്നും ടികായത് മുന്നറിയിപ്പ് നല്‍കി. ഗുസ്തിതാരങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹീനമായ കുറ്റകൃത്യം ചെയ്ത ബിജെപ് എംപി പ്രധാനമന്ത്രിയുടെ സംരക്ഷണ കവചത്തിനുള്ളിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴു ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങളും വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.