LogoLoginKerala

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഇന്ന് സൂറത്ത് കോടതിയില്‍, സ്‌റ്റേ ചെയ്താല്‍ അയോഗ്യത നീങ്ങും

 
rahul

സൂററ്റ് -അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഇന്ന് സൂറത്ത് സെഷന്‍സ് കോടതി പരിഗണിക്കും. കുറ്റാക്കാരനാണെന്ന കീഴ്ക്കോടതി വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗത്വം തിരിച്ചു കിട്ടും. മറിച്ചായാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. അയോഗ്യത നിലനില്‍ക്കും. അതുകൊണ്ട് തന്നെ രാഹുലിനെ സംബന്ധിച്ചിടത്തോളം സൂറത്ത് കോടതി വിധി ഏറെ നിര്‍ണ്ണായകമാണ്. രാഹുലിന്റെ അപ്പീലിനെതിരെ ബി ജെ പി എം എല്‍ എ പൂര്‍ണേഷ് മോഡി തടസഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
2019 ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി ബി ജെ പി എം എല്‍ എ പൂര്‍ണേഷ് മോഡി നല്‍കിയ അപകീര്‍ത്തി കേസിലാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് 'മോഡി' എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് അപകീര്‍ത്തികരമായത്. ഈ പരാമര്‍ശത്തിലൂടെ രാഹുല്‍ ഗാന്ധി മോഡി സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു പരാതിക്കാരന്റെ വാദം. കീഴ്ക്കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് തൊട്ടുപിന്നാലെ തിരക്കിട്ട് രാഹുലിനെ ലോകസഭാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് വലിയ വിവാദം സൃഷ്ടിക്കുകയും ഈ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നാകെ സര്‍ക്കാറിനെതിരെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു.