LogoLoginKerala

തുഗ്ലക് ലെയ്‌നിലെ വസതി ഒഴിഞ്ഞു, രാഹുല്‍ സോണിയക്കൊപ്പം നമ്പര്‍ 10 ജന്‍പഥില്‍

 
rahul gandhi

ന്യൂഡല്‍ഹി-ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സെന്‍ട്രല്‍ ഡല്‍ഹിയിലെ 12 തുഗ്ലക് ലെയ്ന്‍ ഔദ്യോഗിക വസതി  ഒഴിഞ്ഞു. നമ്പര്‍ 10 ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് അദ്ദേഹം താമസം മാറ്റി.
വൈകിട്ട് മൂന്നു മണിയോടെയാണ് രാഹുല്‍ ഗാന്ധി താക്കോല്‍ കൈമാറിയത്.വൈകാരികമായിരുന്നു രാഹുലിന്റെ വീടുമാറ്റം. രാഹുലിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെല്ലാം തുഗ്ലഗ് ലൈന്‍ ബംഗ്ലാവിന്റെ വരാന്തയില്‍ നിരന്നുനിന്നു. ശേഷം വീടിന്റെ പ്രധാന വാതിലിന്റെ ഒരു ഭാഗം പ്രിയങ്ക അടച്ചു. പ്രിയങ്ക വാതില്‍ അടക്കുന്നത് ജീവനക്കാരുടെ മധ്യത്തില്‍നിന്ന് രാഹുല്‍ നോക്കിനിന്നു. തുടര്‍ന്ന് തനിക്ക് ഇരുവശത്തുമായി നില്‍ക്കുകയായിരുന്ന ജീവനക്കാരോട് കൈ കൂപ്പി രാഹുല്‍ വാതിലിന് അടുത്തേക്ക് വന്നു. വാതിലിന്റെ മറുപാതി രാഹുലും അടക്കാന്‍ ശ്രമിച്ചു. ആദ്യശ്രമത്തില്‍ സാധിച്ചില്ല. വീണ്ടും വാതില്‍ അടച്ച് താക്കോലുപയോഗിച്ച് പൂട്ടി പുറത്തേക്ക് വന്നു. ജീവനക്കാരില്‍ ഒരാള്‍ക്ക് ചാവി കൈമാറി രാഹുല്‍ വീടുവിട്ടിറങ്ങി.
ഈ വീട് കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യന്‍ ജനതയാണ് തനിക്ക് നല്‍കിയത്. അവരോട് നന്ദി പറയുന്നു. ഇപ്പോള്‍ സത്യം പറഞ്ഞതിന്റെ വിലയാണ് നല്‍കുന്നത്. സത്യം പറയുന്നതിനായി എന്തു വില നല്‍കാനും ഞാന്‍ തയാറാണ്- ഔദ്യോഗിക വസതി ഒഴിഞ്ഞു കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
2005 മുതല്‍ രാഹുല്‍ താമസിച്ചിരുന്നു 12 തുഗ്ലക്ക് ലെയ്ന്‍ ബംഗ്ലാവ് ഏപ്രില്‍ 22 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി സി.ആര്‍.പാട്ടീലിന്റെ നേതൃത്വത്തിലുള്ള ലോക്സഭാ ഹൗസിങ് കമ്മിറ്റി രാഹുലിന് കത്തയച്ചിരുന്നു. 2019ലെ മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്ട്രേട്ട് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.
തുടര്‍ന്നാണ് ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ ഹൗസിങ് കമ്മിറ്റി കത്തയച്ചത്. അയോഗ്യനാക്കപ്പെട്ട ഒരു എംപിക്ക് സര്‍ക്കാര്‍ വസതിക്ക് അര്‍ഹതയില്ല. മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം രാഹുലിന്റെ ആവശ്യം സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു.