LogoLoginKerala

അയോഗ്യതാ ഭീഷണിക്കിടെ രാഹുൽപാർലമെന്റിൽ, സഭയിൽ കയറിയില്ല, 12 കക്ഷികളുടെ പിന്തുണ

 
Parliament
ന്യൂഡൽഹി - അയോഗ്യതാ ഭീഷണിയിൽ നിൽക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്‍റ് മന്ദിരത്തിലെത്തി. അദ്ദേഹം പക്ഷേ സഭയ്ക്കുള്ളില്‍ എത്തിയില്ല.അയോഗ്യനാക്കിയ സൂറത്ത് കോടതി വിധിക്കെതിരായ അപ്പീലില്‍ തീരുമാനമാകും വരെ പാര്‍ലമെന്‍റിലെത്തില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയെത്തി. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസില്‍ എംപിമാരെ കണ്ടു. രാഹുല്‍ എത്തിയ സമയം ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പന്ത്രണ്ട മണിക്ക് സഭ ചേര്‍ന്നെങ്കിലും രാഹുല്‍ പങ്കെടുത്തില്ല. തുടര്‍നടപടികളില്‍ തീരുമാനമാകും വരെ സഭ നടപടികളില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നറിയുന്നു.
അദാനി വിവാദത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു.
കോടതിവിധിക്കെതിരായ രാഷ്ട്രീയ നീക്കത്തില്‍ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു. ഒബിസി വികാരം ഇളക്കി കോൺഗ്രസിന്‍റെ പ്രതിരോധത്തെ നേരിടാനാണ് ബിജെപിയുടെ നീക്കം. കോടതിവിധിക്കെതിരായ പ്രതിഷേധത്തില്‍ സഹകരണം തേടി ഇരുപത് പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് സമീപിച്ചിരുന്നു. എന്നാല്‍ അകല്‍ച്ച വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് തുടങ്ങിയ പാര്‍ട്ടികള്‍ വിട്ടുനിന്നു. സമാജ് വാദി പാര്‍ട്ടി, ആംആ്ദമി പാര്‍ട്ടിയടക്കം 12 കക്ഷികള്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ചു.