LogoLoginKerala

രാഹുൽ അയോഗ്യനായി : കപിൽ സിബൽ, അഭിഷേക് സ്ങ്ങ്‌വി

 
Rahul
ന്യൂദല്‍ഹി- മാനനഷ്ടക്കേസില്‍ രണ്ടുവര്‍ഷത്തെ വിചിത്രമായ ജയില്‍ ശിക്ഷ കോടതി വിധിച്ചപ്പോള്‍തന്നെ രാഹുല്‍ ഗാന്ധി സ്വയമേവ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതായി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കേന്ദ്ര മുന്‍ നിയമ മന്ത്രിയുമായ കപില്‍ സിബല്‍. ഇനി സൂറത്ത് കോടതി വിധി വിധി സസ്പെന്‍ഡ് ചെയ്യുകയോ സ്റ്റേ നല്‍കുകയോ ചെയ്താലേ രാഹുലിന് പാര്‍ല്ലമെന്റ് അംഗമായി തുടരാനാകൂവെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
മാനനഷ്ട കേസില്‍ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ മനു അഭിഷേക് സിങ്ങ്‌വി പറഞ്ഞു. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്താലേ അയോഗ്യത ഇല്ലാതാകൂ. വിധി സ്റ്റേ ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കോണ്‍ഗ്രസ് നീങ്ങുമെന്നും സിങ്ങ്വി വ്യക്തമാക്കി.
 'കള്ളന്മാര്‍ക്കെല്ലാം മോദിയെന്ന പേര്' പരാമര്‍ശത്തിലായിരുന്നു സൂറത്ത് സി.ജെ.എം കോടതി രാഹുലിന് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.  
ശിക്ഷാവിധിയോടൊപ്പം 30 ദിവസത്തെ അപ്പീല്‍ ജാമ്യം രാഹുലിന് കോടതി അനുവദിച്ചതോടെ അദ്ദേഹത്തിന് ലോക്സഭയില്‍ വരുന്നതില്‍ തടസ്സമുണ്ടോ എന്ന് പലര്‍ക്കും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍, വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നിലവില്‍ അയോഗ്യനാണെന്ന് കോണ്‍ഗ്രസ് മുന്‍ നേതാവ് കൂടിയായ കപില്‍ സിബല്‍ എം.പി വ്യക്തമാക്കിയത് ഇക്കാര്യത്തിലുള്ള അവ്യക്തത നീക്കുന്നതായി. ഇനി ശിക്ഷ സസ്പെന്‍ഡ് ചെയ്താല്‍ പോരാ, വിധി സസ്പെന്‍ഡ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്താല്‍ മാത്രമേ രാഹുല്‍ഗാന്ധിക്ക് പാര്‍ല്ലമെന്റ് അംഗമായി തുടരാനാകൂവെന്നും കപില്‍ സബല്‍ ചൂണ്ടിക്കാട്ടി. സ്വാഭാവികമായും സ്പീക്കര്‍ക്ക് നിയമാനുസൃതം നീങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.'
2019-ലെ കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോലാറില്‍ നടന്ന റാലിയില്‍ മോദി പേരുള്ളവര്‍ക്കെതിരായ അപകീര്‍ത്തികരമായ ഒരു പരാമര്‍ശമാണ് രാഹുലിന് കോടതിയില്‍ തിരിച്ചടിയായത്. 'വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി എന്നിവരെ പരാമര്‍ശിച്ച് എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടാണെന്നായിരുന്നു' രാഹുലിന്റെ ചോദ്യം. ഇതിനെതിരേ ബി.ജെ.പി എം.എല്‍.എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടത്തിന് കോടതിയെ സമീപിച്ചത്.
 രാഹുലിന്റെ പരാമര്‍ശം മോദി എന്ന പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടായെന്നുമാണ് പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ വാദിച്ചത്.
 വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള 30 ദിവസത്തേക്ക് ശിക്ഷയ്ക്ക് സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും വിധി പ്രഖ്യാപനത്തോടെ രാഹുല്‍ അയോഗ്യനായെന്നാണ് നിയമവിദഗ്ധരില്‍ വലിയൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
 ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളില്‍ മുമ്പ് സുപ്രിംകോടതി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതല്‍ അയോഗ്യരാകുമെന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉള്‍പ്പടെ ഗൗരവതരമായ കുറ്റങ്ങള്‍ക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനല്‍ കേസുകളിലും രണ്ട് വര്‍ഷമോ അതിലധികമോ ശിക്ഷ കിട്ടിയാല്‍ അയോഗ്യത എന്നതാണ് വ്യവസ്ഥ.. ക്രിമിനല്‍ മാനനഷ്ടത്തില്‍ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവും 15000 രൂപ പിഴയുമാണ് രാഹുല്‍ ഗാന്ധിക്ക് കോടതി വിധിച്ചത്. എന്തായാലും രാഹുലിന്റെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കോപ്പു കൂട്ടുന്നവര്‍ക്ക് വലിയൊരു ആയുധമാണ് ഇന്നത്തെ സൂറത്ത് കോടതി വിധി. എന്നാല്‍ നിയമപോരാട്ടത്തിലൂടെ ഇതെല്ലാം അതിജയിക്കാനാവുന്ന ആത്മവിശ്വാസവും പ്രതീക്ഷയുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്.