ശിക്ഷയ്ക്ക് സ്റ്റേയില്ല, രാഹുലിന് തിരിച്ചടി
Thu, 20 Apr 2023

ന്യൂഡല്‍ഹി- അപകീര്‍ത്തിപരാമര്‍ശക്കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ ലോക്‌സഭാ എം.പി. സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സെഷന്‍സ് കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയേറി.
സൂറത്ത് സെഷന്‍സ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍.പി. മൊഗേരയാണ് രാഹുലിനെതിരായ വിധി പ്രസ്താവം നടത്തിയത്. രാഹുലിന്റെ സ്റ്റേ ആവശ്യം നിരാകരിക്കുന്നു എന്നാണ് ജഡ്ജ് തുറന്നകോടതിയില്‍ വ്യക്തമാക്കിയത്.
വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകർ അറിയിച്ചു. 2019-ല്‍ കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പരാമര്‍ശമാണ് രാഹുലിനെതിരായ കേസിലേക്കും അയോഗ്യതയിലേക്കും നയിച്ചത്.
കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും വാദംകേട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധിപറയുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.