LogoLoginKerala

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നീക്കം, ലക്ഷദ്വീപ് മോഡലില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്

 
rahul gandhi
മുഹമ്മദ് ഫൈസല്‍ എം പിയുടെ അയോഗ്യത പിന്‍വലിപ്പിച്ച മാതൃകയില്‍ അടിയന്തര നിയമനടപടിക്ക് കോണ്‍ഗ്രസ് നീക്കം

ന്യൂഡല്‍ഹി- രാഹുല്‍ഗാന്ധിയെ ലോകസഭയില്‍ നിന്ന് അയോഗ്യനാക്കിയതോടെ വയനാട്ടില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഇലക്ഷന്‍ കമ്മീഷന്‍ അടുത്ത ആഴ്ച നടത്താനിരിക്കുകയാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ അപകീര്‍ത്തിക്കേസില്‍ സൂററ്റ് കോടതി പ്രഖ്യാപിച്ച ശിക്ഷാവിധിക്കെതിരെ എത്രയും വേഗം അപ്പീല്‍ നല്‍കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ നടത്തുന്നത്. ഇലക്ഷന്‍ കമ്മീഷന്റെ പ്രഖ്യാപനം വരും മുമ്പേ അപ്പീല്‍ ഹര്‍ജി പരിഗണനക്കെടുപ്പിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.
സമാനമായ രീതിയില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരെ ലക്ഷദ്വീപ് കോടതി ശിക്ഷ വിധിച്ചപ്പോഴും അദ്ദേഹത്തെ തിരക്കിട്ട് അയോഗ്യനാക്കുകയും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ശ്രമം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരള ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ കേന്ദ്രനീക്കം പൊളിച്ചു. വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതോടെ അദ്ദേഹത്തിന് പാര്‍ലമെന്റ് പ്രഖ്യാപിച്ച അയോഗ്യത അസാധുവായി. 
സമാനമായ രീതിയില്‍ രാഹുല്‍ ഗാന്ധിയുടെ കേസിലും ഹൈക്കോടതി ഇടപെടല്‍ എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ ബി ജെ പി ആധിപത്യത്തിലുള്ള ഗുജറാത്തിലെ ഹൈക്കോടതിയില്‍ നിന്ന് കേരള ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച പോലൊരു ഉത്തരവ് ലഭിക്കുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യമായി ഉന്നയിക്കപ്പെടുന്നത്.