അയോഗ്യത ഉപഹാരം, പോരാട്ടം തുടരുന്നതിനുള്ള ഊര്‍ജം: രാഹുല്‍ ഗാന്ധി

കല്‍പറ്റ - എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയത് തനിക്ക് ലഭിച്ച പാരിതോഷികമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെ നിരന്തരം കേസുകള്‍ നല്‍കുമ്പോള്‍ നിരന്തരം കടന്നാക്രമിക്കുമ്പോള്‍, ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ ശരിയായ വഴിയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്നാണ് തനിക്ക് ബോധ്യപ്പെടുന്നതെന്ന് രാഹുല്‍ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ശേഷം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഉജ്വല സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു.
അദാനി എങ്ങനെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരിലൊരാളായി എന്ന് ചോദിച്ചതിനാണ് തന്നെ അവര്‍ നിരന്തരം വേട്ടയാടുന്നത്. പാര്‍ലമെന്റില്‍ ഒരു ബിസിനസുകാരനെക്കുറിച്ചു ചോദിച്ചിട്ട് അവര്‍ മറുപടി നല്‍കിയില്ല. തന്നെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് രണ്ട് കത്തുകള്‍ അയച്ചു. എന്തുകൊണ്ടാണ് എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതെന്ന് സ്പീക്കറോട് ഓഫിസില്‍ നേരിട്ടെത്തി ചോദിച്ചു. മറ്റു മാര്‍ഗമില്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വരൂ ചായ കൂടിക്കൂ കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കാം എന്നും അദ്ദേഹം പറഞ്ഞു.
നിരവധി വര്‍ഷമായി ബിജെപിക്കെതിരെ പോരാട്ടം നടത്തുകയാണ്. താന്‍ എന്തിനുവേണ്ടിയാണ് പോരാടുന്നതെന്ന് അവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാല്‍ ഞാന്‍ ഭയക്കുമെന്നാണ് അവര്‍ കരുതുന്നത്. വീട് പിടിച്ചെടുത്താല്‍ എന്നെ ആശങ്കപ്പെടുത്താന്‍ സാധിക്കുമെന്ന് അവര്‍ കരുതി. വയനാട്ടില്‍ ആയിരക്കണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. പ്രളയം വന്നപ്പോള്‍ കേരളത്തിലെ നിരവധി ആളുകളുടെ വീട് നഷ്ടപ്പെട്ടു. വീട് നഷ്ടപ്പെടുന്നത് എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല.
എംപി സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും വയനാട്ടിലെ ജനങ്ങളോടുള്ള ബന്ധം സുദൃഢമായിരിക്കുമെന്നും അത് ജീവിതാവസാനം വരെ തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ കേരളത്തില്‍ നിന്നുള്ള ആളല്ല. എന്നാല്‍ നിങ്ങള്‍ നല്‍കിയ സ്‌നേഹം എന്നെ നിങ്ങളുടെ കുടുംബാംഗമായി മാറ്റി. എംപി എന്നത് ഒരു സ്ഥാനം മാത്രമാണ്. ബിജെപിക്ക് ആ സ്ഥാനം എടുത്തുമാറ്റാന്‍ സാധിച്ചേക്കും. എന്റെ വീട് എടുത്തുമാറ്റാന്‍ സാധിച്ചേക്കും. എന്നെ ജയിലില്‍ അടയ്ക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് തടയാന്‍ അവര്‍ക്ക് സാധിക്കില്ല. ബഫര്‍ സോണ്‍, മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം എന്നിവയെല്ലാം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചു. വയനാട്ടിലെയും ഇന്ത്യയിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വതന്ത്രമായ രാജ്യത്ത് ജീവിക്കാനാണ്. വയനാടിനോടുള്ള ബന്ധം എല്ലാക്കാലവും നിലനില്‍ക്കും. പാര്‍ലമെന്റ് അംഗത്വം ഇല്ലാതായത് വയനാട്ടിലെ ജനങ്ങളുമായുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തില്ല. ഏതു പാര്‍ട്ടിയിലുള്ള ആളായാലും മുന്നണിയിലുള്ള ആളായാലും നമ്മള്‍ തമ്മിലുള്ള ബന്ധം ദൃഢമായിരിക്കും-രാഹുല്‍ പറഞ്ഞു.