രാഹുലിന് നിര്‍ണായക ദിനം, അരിക്കൊമ്പന്‍ സഫാരി, ഹേറ്റ് സ്പീച്ചിന് പൂട്ടിട്ട് സുപ്രീം കോടതി
അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും നേരത്തെ ജസ്റ്റിസ് ഗീതാ ഗോപി പിന്മാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തിയത്.
മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന അവശ്യം സൂറത്ത് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. അനുകൂല വിധി ഉണ്ടായാല്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത് ചോദ്യം ചെയ്യാന്‍ സാധിക്കും.
കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം ഇന്നു രാവിലെ എട്ടിനു പുനരാരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ നാലര മുതല്‍ ഉച്ചവരെ തെരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഉച്ചയോടെ തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. ഇന്നലെ വൈകുന്നേരം ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്തെ ഇടതൂര്‍ന്ന ചോലയ്ക്കുള്ളില്‍ അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു. അവിടെ നിന്ന് അരിക്കൊമ്പനെ തുരത്തി ആനയിറങ്കല്‍ വഴി ദൗത്യമേഖലയില്‍ എത്തിച്ച് മയക്കുവെടി വെക്കാനാണ് ശ്രമം.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി. പരാതിക്കു കാത്തു നില്‍ക്കേണ്ടതില്ല. മതം, സമുദായം എന്നീ പരിഗണനകള്‍ നോക്കാതെ കേസെടുക്കണം. യുപി, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കു നേരത്തെ നല്‍കിയ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയത്. വിദ്വേഷപ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും പരാതിക്ക് കാത്തുനില്‍ക്കാതെ മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്ന ഹീനമായ കുറ്റകൃത്യമാണ് വിദ്വേഷപ്രസംഗം. കര്‍ശന നടപടി ഉണ്ടായാല്‍ മാത്രമേ ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്തിട്ടുള്ള മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ- ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനും ജസ്റ്റിസ് ബി വി നാഗരത്‌ന അംഗവുമായ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരേ പോക്‌സോ കേസടക്കം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെത്തന്നെ കേസെടുക്കണമെന്നും സമരം തുടരുന്ന പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഡല്‍ഹി കോണോട്ട് പ്ലേസ് പോലീസ് കേസെടുത്തത്. പരാതി നല്‍കി ഒരാഴ്ചയായിട്ടും കേസെടുക്കാത്തതു കോടതി ചോദ്യം ചെയ്തപ്പോള്‍ ഇന്നലത്തെന്നെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. കേസെടുത്തെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍. പ്രതിയെ അറസ്റ്റു ചെയ്യണമെന്നു ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കായിക താരം സാനിയ മിര്‍സയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമടക്കുള്ളവര്‍ രംഗത്തുവന്നു. ഒരു അത്ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടുനില്‍ക്കാന്‍ കഴിയാത്ത കാഴ്ചയാണ് ജന്തര്‍ മന്തറിലെ സമരമെന്ന് സാനിയ പറഞ്ഞു. പല കുറി രാജ്യത്തിനുവേണ്ടി അധ്വാനിച്ച താരങ്ങള്‍ക്കൊപ്പമാണു നില്‍ക്കേണ്ടതെന്നും സാനിയ മിര്‍സ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങള്‍ക്കെതിരേ കുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. സിറ്റിംഗ് ജഡ്ജിയുടെ നേത്യത്വത്തിലുള്ള അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിഷപാമ്പ് പരാമര്‍ശം നടത്തിയ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. പരാമര്‍ശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതില്‍ നടപടി വേണമെന്നുമാണ് ആവശ്യം.
അതേസമയം,വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിനു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍നിന്ന് വിലക്കണമെന്ന് കോണ്‍ഗ്രസ്. നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. രാജയ്ക്ക് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാം. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല. അന്തിമ ഉത്തരവ് വരുന്നതുവരെ ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹത ഉണ്ടാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
വീണ്ടും മന്ത്രിയാകാത്തതില്‍ നിരാശയില്ലെന്ന് എംഎല്‍എ കെ.കെ ശൈലജ. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ല. എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നു. ഒരു പഞ്ചായത്ത് മെംബര്‍ പോലും ആകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. കെ. കെ ശൈലജയുടെ ആത്മകഥാ ഗ്രന്ഥമായ ''മൈ ലൈഫ് ആസ് എ കൊമ്രേഡ് ' ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത ചടങ്ങിലാണ് ശൈലജ ഇങ്ങനെ പ്രതികരിച്ചത്. ഏല്‍പിച്ച ദൗത്യങ്ങള്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെയും വിശ്വാസ്യതയോടെയുമാണു ശൈലജ നിര്‍വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തനിക്കെതിരെ സുപ്രീംകോടതിയിലുള്ള രേഖകള്‍ അര്‍ദ്ധരാത്രിക്കു മുമ്പ് ഹാജരാക്കണമെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറലിനോട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ വിചിത്ര ഉത്തരവ്. അര്‍ധരാത്രി കഴിഞ്ഞ് 12.15 വരെ ചേംബറില്‍ ഇരിക്കുമെന്നും ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ വ്യക്തമാക്കി. സുപ്രീം കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഈ ഉത്തരവ് സ്റ്റേ ചെയ്തു. തന്റെ പരിഗണനയിലുണ്ടായിരുന്ന കേസില്‍ മാധ്യമത്തിന് അഭിമുഖം നല്കി അഭിപ്രായങ്ങള്‍ പറഞ്ഞതിനെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ ഗംഗോപാദ്ധ്യായയെ വിമര്‍ശിച്ചിരുന്നു. സ്‌കൂള്‍ അദ്ധ്യാപക നിയമനങ്ങളില്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റും സി ബി ഐയും അന്വേഷണം നടത്തുന്നതു സംബന്ധിച്ച കേസിലാണ് വിവാദ സംഭവങ്ങള്‍. ഈ കേസ് മറ്റൊരു ജഡ്ജിക്കു കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിറകേയാണ് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ ഉത്തരവിട്ടത്.
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ തകര്‍ന്ന പഞ്ചാബ് കിംഗ്‌സിന് 56 റണ്‍സിന്റെ തോല്‍വി. 72 റണ്‍സ് നേടിയ മാക്കസ് സ്റ്റോയിനിസിന്റേയും 54 റണ്‍സ് നേടിയ കൈല്‍ മായേഴ്‌സിന്റേയും 45 റണ്‍സ് നേടിയ നിക്കോളാസ് പുരന്റേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 201 റണ്‍സ് നേടുന്നതിനിടയില്‍ എല്ലാവരും പുറത്തായി. ഈ ജയത്തോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി.
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി വ്യാഴാഴ്ച 82,000 കോടി രൂപ (10 ബില്യണ്‍ ഡോളര്‍) അധികം വര്‍ധിച്ചു. മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പ്പറേറ്റിന്റെ ആദ്യ പാദ വരുമാനം മികച്ച പ്രകടനം കാഴ്ച്ചവച്ചതിനെ തുടര്‍ന്നായിരുന്നു ഈ ആസ്തി വര്‍ധന. 2023ലെ ആദ്യ പാദത്തില്‍ മൊത്ത വരുമാനത്തില്‍ 3 ശതമാനം വര്‍ധനവോടെ 2865 കോടി ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 2790 കോടി ഡോളറായിരുന്നു. പ്രതിദിന സജീവ ഉപഭോക്താക്കളുടെ എണ്ണം പ്രതീക്ഷിച്ച 201 കോടിയില്‍ നിന്ന് 204 കോടിയായി. വരുമാന റിപ്പോര്‍ട്ടിന് ശേഷം മെറ്റയുടെ ഓഹരികള്‍ 14 ശതമാനം ഉയര്‍ന്നു. ഇതോടെ സക്കര്‍ബര്‍ഗിന്റെ ആസ്തി 8730 കോടി ഡോളറായി ഉയരുകയും ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ അദ്ദേഹം 12-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഫെബ്രുവരി 2-ന് 1250 കോടി ഡോളറും ഒരു വര്‍ഷം മുമ്പ് 1100 കോടി ഡോളറുമാണ് മുമ്പ് സക്കര്‍ബര്‍ഗിന്റെ ഒരു ദിവസത്തെ ഏറ്റവും വലിയ ആസ്തി വര്‍ധനവ് രേഖപ്പെടുത്തിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലേക്കുള്ള ട്രാഫിക് വര്‍ധിപ്പിക്കാനും പരസ്യ വില്‍പ്പനയില്‍ കൂടുതല്‍ വരുമാനം നേടാനും നിര്‍മിത ബുദ്ധി കമ്പനിയെ സഹായിക്കുന്നുണ്ടെന്ന് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഫോര്‍ബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടികയിയില്‍ സക്കര്‍ബര്‍ഗിനെ കൂടാതെ വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിച്ചത് ജെഫ് ബെസോസ് (480 കോടി ഡോളര്‍), ഇലോണ്‍ മസ്‌ക് (420 കോടി ഡോളര്‍), ലാറി പേജ് (300 കോടി ഡോളര്‍), സെര്‍ജി ബ്രിന്‍ (290 ബില്യണ്‍ ഡോളര്‍) എന്നിവര്‍ക്കാണ്.