LogoLoginKerala

ബ്ലാസ്‌റ്റേഴ്‌സ് പരിശീലന വിവാദം; കുട്ടികളോട് മാപ്പു പറഞ്ഞ് പി വി ശ്രീനിജന്‍ എം എല്‍ എ

തര്‍ക്കം സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തമ്മില്‍
 
sharaf ali sreenijan



 


കൊച്ചി- അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ മാപ്പപേക്ഷയുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയായ പിവി ശ്രീനിജിന്‍ എംഎല്‍എ. കുട്ടികള്‍ക്ക് നേരിട്ട വിഷമത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഗെയ്റ്റ് തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരായ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ പി വി ശ്രീനിജന്‍ എംഎല്‍എയ്ക്കെതിരെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നു. എംഎല്‍എക്കെതിരെ നടപടി സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് കൗണ്‍സില്‍ ഭാവാഹികള്‍ പറഞ്ഞു.

വാടകകരാര്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു വര്‍ഷത്തേക്ക് കരാര്‍ ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടെന്നും അതുകൊണ്ടു തന്നെ ഗ്രൗണ്ട് വിട്ടു നല്‍കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു ഷറഫലി വ്യക്തമാക്കിയതോടെ ശ്രീനിജന്റെ വാദം ദുര്‍ബലമായി. എന്നിട്ടും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്റ്റേഴ്‌സ് എട്ടു മാസമായി വാടക നല്‍കിയിട്ടില്ലെന്നാണ് ശ്രീനിജന്‍ ആവര്‍ത്തിക്കുന്നത്. ഉടമസ്ഥാവകാശം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണെന്നാണ് ശ്രീനിജന്റെ വാദം. ഷറഫലി പറയുന്നത് വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെയാണെന്നും ശ്രീനിജന്‍ പറയുന്നു്.

താന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ ശ്രീനിജന്‍ കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടത് സംസ്ഥാന കൗണ്‍സില്‍ എതിര്‍പ്പ് മറികടന്നാണെന്നും ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാറില്‍ ഒപ്പിടീപ്പിച്ചതെന്നും ആരോപിച്ച് മുന്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍ രംഗത്തുവന്നു. പനമ്പിള്ളി നഗര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത സംസ്ഥാന കൗണ്‍സിലിനാണ്. ഇതിനായി ഒരു ഫണ്ടും ജില്ലാ കൗണ്‍സില്‍ നല്‍കിയിട്ടില്ല. ജില്ലാ കൗണ്‍സിലിന് അവകാശം ഉണ്ടെന്ന എംഎല്‍എയുടെ വാദം തെറ്റാണെന്നും മേഴ്സി കുട്ടന്‍ പറഞ്ഞു. ശ്രീനിജന്‍ ജില്ലാ കൗണ്‍സില്‍ അധ്യക്ഷനായതോടെ എറണാകുളം ജില്ലയില്‍ കായിക മേഖല മുന്നോട്ട് പോയിട്ടില്ലെന്നും മോശം ഭരണ സമിതിയാണെന്നും മേഴ്സി കുട്ടന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ വസ്തുതകള്‍ മറച്ചുവെക്കുന്ന സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് മേഴ്സിക്കുട്ടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീനിജന്‍ തിരിച്ചടിച്ചു. കുട്ടികള്‍ക്ക് ലഭിക്കേണ്ട പണം തന്റെ അക്കാദമിയിലേക്ക് കൊണ്ടു പോയ ആളാണ് മേഴ്സിക്കുട്ടന്‍. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രതികരണം മനപൂര്‍വ്വമെന്ന് കരുതുന്നു. ഗ്രൗണ്ട് വിട്ടുനല്‍കുന്ന വിവരം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അറിയിച്ചില്ലെന്നും ശ്രീനിജന്‍ പറഞ്ഞു.

ഗേറ്റ് പൂട്ടിയത് താനറിഞ്ഞില്ലെന്ന ശ്രീനിജന്റെ വാദവും ഇതിനിടെ പൊളിഞ്ഞു. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ കുട്ടികളെ എത്തിച്ചതെന്നും ഗെയ്റ്റ് എപ്പോഴും അടഞ്ഞു തന്നെയാണ് കിടക്കാറെന്നും താനല്ല ഗേറ്റ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും മാധ്യമ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഗേറ്റ് തുറക്കാന്‍ നിര്‍ദേശിച്ചു എന്നുമാണ് അദ്ദേഹം ഇന്നലെ അവകാശപ്പെട്ടത്. എന്നാല്‍ സംഭവം നടന്നയുടനെ ശ്രീനിജന്‍ നടത്തിയ പ്രസ്താവനക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ന്യായീകരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൂട്ടിയത് താനല്ലെന്നും എന്നാല്‍ തുറന്നുകൊടുക്കേണ്ടെന്ന് താന്‍ പറഞ്ഞിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം. ഗേറ്റ് പൂട്ടിയിട്ട സമയത്ത് ശ്രീനിജന്‍ അകത്തുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സംഭവത്തിന്റെ ദൃശ്യങ്ങളിലെ സംഭാഷണങ്ങള്‍. എം എല്‍ എ പറഞ്ഞിട്ടാണ് പൂട്ടിയിരിക്കുന്നതെന്നും അദ്ദേഹം അകത്തുണ്ട് എന്നും സെക്യൂരിറ്റിക്കാരന്‍ സ്ഥലത്തെത്തിയ പോലീസിനോട് വിശദീകരിക്കുന്നുണ്ട്.

വാടക നല്‍കാത്തതിനാല്‍ ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ എംഎല്‍എ നിലപാടെടുത്തതോടെയാണ് തിങ്കളാഴ്ച ട്രയലിനെത്തിയ കുട്ടികള്‍ക്ക് പുറത്തുനില്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാനും കൊച്ചിന്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരും ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

പി വി ശ്രീനിജന്റെ നിലപടില്‍ പ്രതിഷേധിച്ച് എറണാകുളം സ്പോര്‍ട്സ്‌കൗണ്‍സില്‍ ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. കുട്ടികളെ പുറത്ത് നിര്‍ത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടു.