LogoLoginKerala

പ്രതികരിച്ച് ശ്രീനിജന്‍, വാടകക്കുടിശിക കിട്ടിയ കാര്യം തന്നെ അറിയിച്ചില്ലെന്ന് ന്യായം

 
sreenijan

കൊച്ചി- കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്‍ പറ്റിയ തെറ്റിനെ ന്യായീകരിച്ചും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ കുറ്റപ്പെടുത്തിയും രംഗത്തുവന്നു.  കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തന്നെ അറിയിച്ചില്ലെന്ന് ശ്രീനിജന്‍ പറയുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റെന്ന നിലയ്ക്ക് ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു. സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ട സ്‌കൂളിന്റെ ഗേറ്റ് അടച്ചത് താനല്ല. എന്നാല്‍ ഗേറ്റ് തുറന്നുകൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നു. കുട്ടികള്‍ ദുരിതത്തിലായെന്ന വാര്‍ത്ത കണ്ടാണ് ഗേറ്റ് തുറക്കാന്‍ അനുമതി നല്‍കിയത്- ശ്രീനിജന്‍ പറഞ്ഞു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ രണ്ടു വര്‍ഷമായി കരാറുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു കരാര്‍. ഒന്നര വര്‍ഷം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് പണം നല്‍കിയിരുന്നത്. കഴിഞ്ഞ 8 മാസമായി പണം നല്‍കുന്നില്ല. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറില്‍ ഏര്‍പ്പെട്ടതായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. സ്റ്റേഡിയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഏകപക്ഷീയമായി കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിക്കേണ്ടേതുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഇതിന്റെ സംരക്ഷകര്‍ ശ്രീനിജന്‍ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് പൂട്ടിയിരുന്നു. സെലക്ഷനെത്തിയ നൂറിലധികം കുട്ടികള്‍ ഗേറ്റിന് പുറത്ത് കാത്തുനിന്നു. പ്രതിഷേധമുയര്‍ന്നതോടെ ഗേറ്റ് തുറന്നുനല്‍കാന്‍ കായികമന്ത്രി ഇടപെട്ടു.  കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരെത്തി സ്‌കൂളിന്റെ ഗേറ്റ് തുറന്നു.