LogoLoginKerala

നാളെ നടക്കുന്ന കേന്ദ്ര ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

 
budget 2023

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ പതിനൊന്നാമത്തെ ബജറ്റാണ് നാളത്തേത്. അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാനത്തെ സമ്പൂര്‍ണ ബജറ്റ്. 9 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ ഏറെ വലിയ പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. ജനകീയ പ്രഖ്യാപനങ്ങളും , മതിയായ വളര്‍ച്ചാ അവസരങ്ങള്‍ നല്‍കിക്കൊണ്ട് സ്ത്രീകളുടെ ശാക്തീകരണത്തിന് ശക്തിപകരുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. വരുമാനം വര്‍ധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും ധനമന്ത്രിയുടെ വെല്ലുവിളി. തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ നികുതി വര്‍ധനക്ക് സാധ്യതയില്ല.സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതിയടക്കമുള്ള ആവശ്യങ്ങളുമായി കേരളവും ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

 ആഗോളമാന്ദ്യത്തിനു പ്രതീക്ഷിച്ചത്ര കടുപ്പമുണ്ടാകില്ലെന്നും സാമ്പത്തികത്തളര്‍ച്ച, വിലക്കയറ്റം എന്നിവയുടേതായ പ്രതിസന്ധി കടന്നുപോയെന്നുമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ വരുന്ന സാമ്പത്തികവര്‍ഷം മാന്ദ്യ സാധ്യത വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. ന്നാല്‍, ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങള്‍ ഭദ്രമായതിനാല്‍ കാര്യമായി ബാധിക്കില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അവകാശപ്പെടുന്നത്. വിദേശനിക്ഷേപം മെച്ചപ്പെട്ട നിലയില്‍, ഡോളറുമായുള്ള വിനിമയത്തില്‍ ഇടിവുണ്ടായെങ്കിലും മറ്റ് പല രാജ്യങ്ങളെയും വച്ച് ഭേദപ്പെട്ട അവസ്ഥയിലാണെന്നത് രാജ്യത്തെ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഇടത്തരം കുടുംബത്തില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ ഇടത്തരക്കാര്‍ക്ക് ആശ്വാസം പകരുന്നതാകും ഇത്തവണത്തെ ബജറ്റ് എന്നാണ് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമാന്റെ പ്രസ്താവന.

പ്രധാന മേഖലകളില്‍ എന്തു ലഭിക്കുമെന്ന് പരിശോധിക്കാം

കാര്‍ഷിക മേഖല : തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കര്‍ഷകര്‍ക്ക് അനുകൂലമായുള്ള വലിയ പ്രഖ്യാപനങ്ങള്‍ക്ക് തന്നെയാണ് സാധ്യത. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും, മൂന്നു ലക്ഷം രൂപവരെ വായ്പയെടുക്കുന്നവര്‍ക്കു വായ്പ പുതുക്കാന്‍ പലിശയടവു മാത്രം മതിയെന്നു വ്യവസ്ഥ കൊണ്ടുവരാനാണ് സാധ്യത. കാര്‍ഷിക മേഖലയ്ക്കായി പ്രത്യേകം വായ്പ ഗാരന്റി സ്‌കീം പ്രഖ്യാപിച്ചേക്കും. കൂടുതല്‍ ധാന്യ സംഭരണം, വായ്പാ പലിശയിളവ്, ളം ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളും ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം

തൊഴിലവസരങ്ങള്‍ , സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍, വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രത്യേകം പാക്കേജ്: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പ്രഖ്യാപനം പ്രതീക്ഷിക്കാം. ഉല്‍പാദന മേഖലയ്ക്ക് കൂടുതല്‍ നികുതി ഇളവു കൊണ്ടുവന്നേക്കും. വൈദ്യുതി വാഹനങ്ങള്‍ക്കായി പ്രത്യേകം പാക്കേജും, മരുന്നു നിര്‍മ്മാണ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ: ബേഠി ബച്ചാവോ, ബേഠി പഠാവോ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം തുടങ്ങിയ ഗവണ്‍മെന്റ് ഇതിനകം നടപ്പിലാക്കുന്ന നിരവധി പരിപാടികള്‍ക്ക് പുറമേ, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. കൂടുതല്‍ ഫണ്ട് ഉപയോഗിച്ച് ഈ പരിപാടികളുടെ നടത്തിപ്പും വ്യാപ്തിയും വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും.

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കും: സ്ത്രീ സംരംഭകര്‍ക്ക് മൂലധനം കണ്ടെത്തുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. അതിനാല്‍ തന്നെ ഇത്തവണത്തെ ബജറ്റില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ക്ക് ലോണുകളും സബ്സിഡിയുള്ള ക്രെഡിറ്റുകളും, കൂടാതെ വനിതാ സംരംഭകര്‍ക്ക് നികുതി ഇളവുകളും സീഡ് ക്യാപിറ്റല്‍ ഗ്രാന്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ.

വിദേശ സര്‍വ്വകലാശാലകള്‍ക്കായി പ്രത്യേകം ഇളവ്: രാജ്യാന്തര നിലവാരമുള്ള ക്യാംപസുകള്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍തന്നെ സാധ്യമാക്കുന്നതിനും പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിനുള്ള വികസനപദ്ധതികള്‍ക്കും ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാവാം. വിദ്യാഭ്യാസ മേഖലയില്‍ വിദേശ സര്‍വ്വകലാശാലകള്‍ക്കുള്ള മുതല്‍മുടക്കിനുള്ള സാധ്യതയും ഉയര്‍ത്തിയേക്കും.

നികുതി വര്‍ധന ഉണ്ടായേക്കില്ല: ആദായ നികുതിയില്‍ ഇളവ് വേണമെന്ന മുറവിളി മധ്യവര്‍ഗത്തില്‍ നിന്നടക്കം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നികുതി വര്‍ധനവ് ഒഴികെയുള്ള മറ്റ് മാര്‍ഗങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്. സ്വകാര്യവത്കരണത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള കൂടുതല്‍ ശ്രമം ഇത്തവണയും ഉണ്ടാകും. പൊതുമേഖല കമ്പനികളുടെ ഷെയര്‍ ഉയര്‍ത്തി  65,000 കോടി നേടാനുള്ള ശ്രമിച്ചിരുന്നുവെങ്കിലും ഇത് വരെ അതിന്റെ പകുതിയെ സാധ്യമായിട്ടുള്ളു. എങ്കിലും അടുത്തവര്‍ഷം 75,000-80,000 കോടിയെങ്കിലും സമാഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും. നികുതി വരുമാനം അടുത്ത വര്‍ഷം കുറയാനുള്ള സാധ്യതയുണ്ടെന്നത് കണക്കിലെടുത്തും പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടി സ്വീകരിച്ചേക്കും. യുപിഐ ഇടപാടുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തുന്നത് ചര്‍ച്ചയിലുണ്ട്.