LogoLoginKerala

ജനരോഷം കത്തുന്നു, താനൂരില്‍ ബോട്ട്ജെട്ടിയിലേക്കുള്ള പാലത്തിന് നാട്ടുകാര്‍ തീയിട്ടു

 
Bridge set fire
താനൂര്‍ - താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ഉല്ലാസ ബോട്ട് അപകടത്തിന് പിന്നാലെ ബോട്ട് ജെട്ടിയിലേക്കുള്ള പാലം രാഷാകുലരായ നാട്ടുകാര്‍ കത്തിച്ചു. അപകടത്തില്‍ പെട്ട ബോട്ടിലേക്ക് കയറാന്‍ യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന കെട്ടുങ്ങല്‍ ബീച്ചിലെ താല്‍കാലിക പാലമാണ് നാട്ടുകാര്‍ കത്തിച്ചത്.
ഒട്ടുംപുറം തൂവല്‍ തീരം ബീച്ചിലെ വിനോദയാത്രാ ബോട്ട് സര്‍വ്വീസിനെക്കുറിച്ച് നേരത്തെ തന്നെ നാട്ടുകാരില്‍ ചിലര്‍ അധികൃതരോട് പരാതി പറഞ്ഞിരുന്നു. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ചും, ആവശ്യമായ രക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചും, അനുവദിച്ച സമയം കഴിഞ്ഞും രാത്രിയില്‍ ബോട്ട് സര്‍വ്വീസ് നടത്തുന്നതിനെ സംബന്ധിച്ചുമായിരുന്നു പരാതി. എന്നാല്‍ ഇത് അധികൃതര്‍ ചെവിക്കൊള്ളാത്തതാണ് അപകടം ക്ഷണിച്ചു വരുത്തിയത്. 
രാത്രിയില്‍ സര്‍വ്വീസ് നടത്തരുതെന്ന് നാട്ടുകാര്‍ ബോട്ടുടമയ്ക്ക് പല തവണ താക്കീത് നല്‍കിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. അറ്റ്ലാന്റിക് എന്ന ബോട്ടിന് വിനോദസഞ്ചാര സര്‍വ്വീസ് നടത്തുന്നതിനുള്ള അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ മറി കടന്നാണെന്ന് ബോധ്യമായിട്ടുണ്ട്. മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയാണ് വിനോദ സഞ്ചാര ബോട്ടാക്കി മാറ്റിയത്. ഇത്തരം ബോട്ടുകള്‍ക്ക് വിനോദസഞ്ചാരത്തിന് ലൈസന്‍സ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്ലാന്റിക്കിന് എങ്ങനെ ലൈസന്‍സ് ലഭിച്ചുവെന്നതില്‍ ദുരൂഹതയുണ്ട്. യാത്രാ ബോട്ടിന് വേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇതില്‍ പാലിക്കപ്പെട്ടിരുന്നില്ല. ബോട്ടിന്റെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ ആളുകള്‍ക്ക് നില്‍ക്കാനും സൗകര്യമുണ്ടായിരുന്നു.
താനൂര്‍ സ്വദേശി നാസര്‍ എന്നയാളുടെതാണ് ബോട്ട്. ഇയാള്‍ക്കെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.