LogoLoginKerala

ഇന്ത്യയുടെ ധ്രുവീയ ഉപഗ്രഹ വിക്ഷേപണം നാളെ

 
pslv c55

ചെന്നൈ- ഇന്ത്യയുടെ ധ്രുവീയ ഉപഗ്രഹവിക്ഷേപണ വാഹനം (പി.എസ്.എല്‍.വി.) ശനിയാഴ്ച കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.19-നാണ് പി.എസ്.എല്‍.വി. സി-55 വിക്ഷേപിക്കുക. റോക്കറ്റിന്റെ ഘടകഭാഗങ്ങള്‍ ഒരിടത്തുവെച്ചുതന്നെ കൂട്ടിയോജിപ്പിക്കുന്നതിനുപകരം വ്യത്യസ്ത ഘട്ടങ്ങളുടെ ഘടകങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍വെച്ച് കൂട്ടിയോജിപ്പിച്ചുനടത്തുന്ന ആദ്യ വിക്ഷേപണമാണ് ഇത്. റോക്കറ്റിന്റെ മുകള്‍ഭാഗം പരീക്ഷണങ്ങള്‍ക്കുള്ള ചെറുനിലയമായി ബഹിരാകാശത്ത് ഭ്രമണംചെയ്യും എന്നതാണ് പി.എസ്.എല്‍.വി.യുടെ 57-ാം ദൗത്യത്തിന്റെ സവിശേഷത.
സിങ്കപ്പൂരിന്റെ ടെലിയോസ്-2, ല്യൂംലൈറ്റ്-4 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള വാണിജ്യവിക്ഷേപണമായിരിക്കും ഇത്. ഇതിനുപുറമേ ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളും സ്വകാര്യ ബഹിരാകാശസംരംഭങ്ങളും നിര്‍മിച്ച ഏഴ് പരീക്ഷണോപകരണങ്ങള്‍കൂടി റോക്കറ്റിലുണ്ടാവും. ഭ്രമണപഥത്തിലെത്തിയാലും ഇവ റോക്കറ്റില്‍നിന്നു വേര്‍പെടില്ല. വിക്ഷേപണവാഹനത്തിന്റെ കത്തിയെരിയാത്ത മുകള്‍ഭാഗത്തുതന്നെ തുടരുകയും ഈഭാഗം ബഹിരാകാശ ഗവേഷണനിലയമായി ഭ്രമണംതുടരുകയും ചെയ്യും.
സിങ്കപ്പൂര്‍ ഭരണകൂടവും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ടെലിയോസ്-2, ല്യൂംലൈറ്റ്-4 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. കാലാവസ്ഥാ പ്രവചനത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ട ഭൗമനീരിക്ഷണമാണ് ടെലിയോസ്. വാര്‍ത്താ വിനിമയമാണ് ല്യൂംലൈറ്റിന്റെ ദൗത്യം.
സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യക്കുവേണ്ടിയായിരിക്കും പി എസ് എല്‍ വിയുടെ അടുത്ത വിക്ഷേപണം.