LogoLoginKerala

അഭിമാന നിമിഷം; സ്വപ്‌നപഥത്തിലേക്ക് കുതിച്ച് ചാന്ദ്രയാന്‍ 3

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തേറിയ എല്‍വിഎം റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍-3 വിജയക്കുതിപ്പേറിയത്‌
 
Chandrayan 3
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാന്‍-3 ഇന്ന് ബഹിരാകാശത്തിലേക്ക് കുതിക്കുമ്പോള്‍ രാജ്യം പുതു ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്. ആകസ്മികതയും അത്ഭുതങ്ങളും രഹസ്യ കാഴ്ച്ചകളും കണ്ടെത്താന്‍ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാന്‍-3 ജൂലൈ 14ന് ഇന്ത്യന്‍ സമയം 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് യാത്ര ആരംഭിച്ചു. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തേറിയ എല്‍വിഎം റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍-3 വിജയക്കുതിപ്പേറിയത്‌

ചന്ദ്രയാന്‍ 1,2 എന്നിവയേക്കാള്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് ചാന്ദ്രയാന്‍ 3 തയ്യാറാക്കിയിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 3,84,400 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങി ചാന്ദ്രയാന്‍-3 ഇനി ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ശാസ്ത്രീയ പരീകഷണങ്ങള്‍ നടത്തും. ഇന്ത്യന്‍ ബഹിരാകാശത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പിന് രാജ്യം തയ്യാറെടുക്കുമ്പോള്‍ രാജ്യാന്തര തലത്തില്‍ തന്നെ വലിയ ശ്രദ്ധയാണ് ദൗത്യത്തിന് ലഭിക്കുന്നത്.

ചാന്ദ്രയാന്റെ വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ,ചൈന, അമേരിക്ക, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത.്

ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ എന്നറിയപ്പെട്ടിരുന്ന എല്‍.വി.എം 3 അഥവാ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 അത്യാധുനിക റോക്കറ്റാണ് ചന്ദ്രയാന്‍ 3നെ ചന്ദ്രനിലെത്തിക്കുക. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ റോക്കറ്റിന് 43.5 മീറ്റര്‍ പൊക്കവും 4 മീറ്റര്‍ വിസ്തീര്‍ണവുമാണുള്ളത്.

അവസാന ഘട്ട പരിശോധനകള്‍ കഴിഞ്ഞ് ഒരു ദിവസത്തെ കൗണ്‍ഡൗണിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നും ചന്ദ്രയാന്‍ മൂന്നിനെ വഹിച്ച് എല്‍വിഎം 3 -എം4 റോക്കറ്റ് യാത്ര തിരിച്ചു. തിരുവനന്തപുരത്തെ  വെര്‍ച്വല്‍ ലോഞ്ച് കണ്‍ട്രോള്‍
സെന്ററിലെത്തി റോക്കറ്റിന്റെ എല്ലാ ഭാഗങ്ങളും പരിശോധിച്ച് കൃത്രിമ സാഹചര്യം സൃഷ്ടിച്ച് സഞ്ചരിക്കേണ്ട് റൂട്ട് സംബന്ധിച്ച ഡേറ്റ തയ്യാറാക്കും.

കൗണ്‍ഡ് ഡൗണ്‍ 14 മിനിറ്റ് 30 സെക്കന്‍ഡില്‍എത്തുമ്പോള്‍ റോക്കറ്റിന്റെ നിയന്ത്രണം അതിനുള്ളിലുള്ള ഓണ്‍ബോര്‍ഡ് കംമ്പ്യൂട്ടര്‍ സംവിധാനത്തിനു കൈ മാറും. പിന്നീടുള്ള ചാന്ദ്രയാന്‍ മൂന്നിന്റെ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമെറ്റിക് ആയിരിക്കും. റോക്കറ്റിന് എന്തെങ്കിലും കാരണത്താല്‍ ദിശമാറി അപകടമുണ്ടാകാന്‍ സാധ്യതയുണ്ടായാല്‍ അപായ സന്ദേശം നല്‍കി റോക്കറ്റ് തകര്‍ക്കാന്‍ കഴിയുന്ന വിധമാണ് ഇവ നിര്‍മ്മിച്ചത്. കൂടാതെ ഇത്തവണ അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ ഇന്ധനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രനും ഭൂമിയും തമ്മില്‍ 384,400 കിലോമീറ്റാണ് ഉള്ളത്, അതായത് ഏകദേശം ഒന്നരമാസത്തിലധികം സമയം ചന്ദ്രനിലെത്താന്‍ ചന്ദ്രയാന്‍ മൂന്നിന് ആവശ്യമാണ്. പലഭ്രമണ പഥങ്ങള്‍ ചുറ്റി യാത്ര ചെയ്യുന്നതിനാലാണ് ഇത്രയും സമയമെടുക്കുന്നത്. ലാന്‍ഡറും റോവറും ചന്ദ്രനില്‍ ഇറങ്ങിയാല്‍ പിന്നീട് ഒരു ചാന്ദ്രദിനമാണ് ചാന്ദ്രയാന്‍ മൂന്നിന്റെ ആയുസ്സ്. അതായാത് ഭൂമിയിലെ പതിനാല് ദിനരാത്രങ്ങള്‍ മാത്രം. 14 ദിവസത്തിന് ശേഷം ഇവ നിശ്ചലമാകും.

ചാന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ആകെ ചിലവ് 615 കോടി രൂപയാണെന്നാണ് അനൗദ്യോഗിക വിവരം സൂചിപ്പക്കുന്നത്. ചന്ദ്രയാന്‍ 2ന് 970 കോടി രൂപയും ചന്ദ്രയാന്‍ 1ന് ദൗത്യത്തിന് 386 കോടി രൂപയുമായിരുന്നു ചിലവ്. നിലവില്‍ ചന്ദ്രനില്‍ ഏറ്റവും വേഗത്തിലെത്തിയത് ലാന്‍ഡര്‍ ദൗത്യം അപ്പോളോ 11 ആണ്. മൂന്ന് ദിവസവും മൂന്ന് മണിക്കൂറും 49 മിനിറ്റുമെടുത്താണ് ദൗത്യം പൂര്‍ത്തിയായത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവ മേഖലയിലാണ് ചാന്ദ്രയാന്‍ 3 ലാന്‍ഡറിനെ ഇറക്കാന്‍ ശ്രമിക്കുന്നത്. ചാന്ദ്രയാന്‍ രണ്ട് ഇറക്കാന്‍ ശ്രമിച്ച മേഖലയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രയാന്‍ മൂന്നിനെ ഇറക്കുക.

പരാജയങ്ങള്‍ വലിയ വിജയങ്ങളുടെ ചവിട്ടുപടിയെന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കും വിധമാണ് ഇത്തവണത്തെ ഐഎസ്ആര്‍ഒയുടെ അഭിമാനദൗത്യം ചന്ദ്രനില്‍ എത്തുക. 2019 സെപ്റ്റംബര്‍ 7ന് പുലര്‍ച്ചെ 1.53ന് സോഫ്റ്റ് ലാന്‍ഡിങ്ങിന് വെറും മൂന്ന് മിനിറ്റ് അവശേഷിക്കെ  2.1 കിലോ മീറ്റര്‍ അകലെയാണ്  ചന്ദ്രയാന്‍ രണ്ടിന്റെ പ്രഗ്യാന്‍ റോവറിനെ വഹിച്ചിരുന്ന വിക്രം ലാന്‍ഡറിന് പാളിയത്. അവസനാനമുണ്ടായ ചെറു തകരാറു കാരണം അന്ന് ഇന്ത്യയ്ക്ക് നഷ്ടമായത് യുഎസും, ചൈനയും, യുഎസ്എസ്ആറും മാത്രം സ്വന്തമാക്കിയ നേട്ടം ഇന്ത്യയുടെ പേരിലും എഴുതി ചേര്‍ക്കാനുള്ള അവസരമായിരുന്നു. പോരായ്മകളില്‍ നിന്ന് ഉള്‍ക്കൊണ്ടുള്ള മൂന്നാം ചാന്ദ്ര ദൗത്യം ചാന്ദ്രനില്‍ എത്തുമ്പോള്‍ ഇന്ത്യ പുതു ചരിത്രം കുറിക്കുമെന്നുറപ്പാണ്.