LogoLoginKerala

ബ്രിജ്ഭൂഷന്റെ ലൈംഗികാതിക്രമങ്ങള്‍ ആഗോള ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഗുസ്തിതാരങ്ങള്‍

 
Wrestlers protest
ന്യൂഡല്‍ഹി- ലൈംഗികാതിക്രമ കേസിലെ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ രാജ്യാന്തര സമ്മര്‍ദത്തിന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ ശ്രമം തുടങ്ങി. രാജ്യാന്തര കായിക സംഘടനകളെയും ഒളിംപിക് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയും സമീപിക്കാനാണ് നീക്കം. ഞങ്ങള്‍ ഈ പ്രതിഷേധത്തെ ആഗോളശ്രദ്ധയില്‍ കൊണ്ടുവരും. മറ്റ് രാജ്യങ്ങളിലെ ഒളിമ്പ്യന്‍മാരെയും ഒളിമ്പിക് മെഡല്‍ ജേതാക്കളെയും ഞങ്ങള്‍ സമീപിക്കും. അവരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ഞങ്ങള്‍ അവര്‍ക്ക് കത്തെഴുതും-2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് വിനേഷ് പറഞ്ഞു.
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് താരങ്ങള്‍ക്കു പിന്തുണയുമായി വീണ്ടും സമരവേദിയിലെത്തി. കഴിഞ്ഞ മാസം സമരം ആരംഭിച്ച ഘട്ടത്തിലും ഇദ്ദേഹം സമരത്തില്‍ ഭാഗമായിരുന്നു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ 21ന് അകം നടപടിയുണ്ടായില്ലെങ്കില്‍ സമരം അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുമെന്നു താരങ്ങള്‍ വീണ്ടും മുന്നറിയിപ്പു നല്‍കി.
അതേസമയം, സമരത്തെ പിന്തുണച്ച് മെയ് 18ന് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു അറിയിച്ചിരുന്നു. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ തൊഴിലാളി സംഘടനകള്‍ കര്‍ഷക സംഘടനകള്‍, മഹിളാ സംഘടനകള്‍ എന്നിവയെല്ലാം പ്രക്ഷോഭത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന (ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബീരേന്ദര്‍ സിംഗ് തിങ്കളാഴ്ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാരുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണത്തിന് ശേഷം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് പ്രതിഷേധക്കാരെ കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബീരേന്ദര്‍ സിംഗ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 23 ദിവസമായി ജന്തര്‍ മന്ദറില്‍ ഇന്ത്യയുടെ മുന്‍നിര ഗുസ്തി താരങ്ങളുടെ ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവര്‍ പ്രതിഷേധത്തിലാണ്. സമരത്തിനു ജനപിന്തുണ തേടി താരങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹി കൊണാട്ട് പ്ലേസിലൂടെ കാല്‍നടയായി സഞ്ചരിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും താരങ്ങള്‍ക്കൊപ്പം ചേര്‍ന്നു.