LogoLoginKerala

പ്രധാനമന്ത്രി 24ന് കൊച്ചിയില്‍; റോഡ് ഷോ, കൂടിക്കാഴ്ചകള്‍, അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം

കൊച്ചിയിലും തിരുവനന്തപുരത്തും തിരക്കിട്ട പരിപാടികള്‍

 
narendra modi

കൊച്ചി- കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രണ്ടു ദിവസങ്ങളില്‍ തിരക്കിട്ട പരിപാടികള്‍.  24ന് കൊച്ചിയിലും 25 ന് തിരുവനന്തപുരത്തും വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 24ന് കൊച്ചിയില്‍ രാഷ്ട്രീയ പരിപാടികളാണെങ്കില്‍ 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനമടക്കം അഞ്ച് പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കും.
24ന് വൈകിട്ട് 5ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായാണ് തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടിലെത്തുക. അവിടെ യുവം എന്ന യൂത്ത് കോണ്‍ക്ലേവില്‍ ഒരുലക്ഷം യുവജനങ്ങളുമായി സംവദിക്കും.
രാത്രി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ തങ്ങുന്ന അദ്ദേഹം, അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന. പിറ്റേന്നു രാവിലെ തിരുവനന്തപുരത്തേക്കു പോകും.
25ന് രാവിലെ 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ട്രെയ്‌നില്‍ അദ്ദേഹം യാത്ര ചെയ്യുന്നില്ല. എന്നാല്‍ ഇരുപത്തഞ്ചോളം കുട്ടികളുമായി അദ്ദേഹം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയിലുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുക.
അതിനുശേഷം 11 മണിക്ക് 3,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. കൊച്ചി വാട്ടര്‍ മെട്രൊ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിക്ക് ചുറ്റുമുള്ള 10 ദ്വീപുകളെ അത്യാധുനിക ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ദിണ്ടിഗല്‍- പളനി- പാലക്കാട് പാതയിലെ റെയില്‍ വൈദ്യുതീകരണവും അതേ ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി എന്നീ റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം ഉള്‍പ്പെടെ വിവിധ റെയില്‍ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. തിരുവനന്തപുരം മേഖലയിലെ നേമം, കൊച്ചുവേളി എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വികസനം, തിരുവനന്തപുരം- ഷൊര്‍ണൂര്‍ സെക്ഷനിലെ വേഗം വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കും തുടക്കമിടും.
തിരുവനന്തപുരം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. വ്യവസായ, ബിസിനസ് യൂണിറ്റുകള്‍ക്ക് ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഗവേഷണ സൗകര്യമായാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു മൂന്നാം തലമുറ സയന്‍സ് പാര്‍ക്ക് എന്ന നിലയിലാണ് ഇതു രൂപപ്പെടുത്തുക. ഇന്‍ഡസ്ട്രി 4.0 സാങ്കേതിക വിദ്യകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡാറ്റാ അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള പൊതു സൗകര്യങ്ങള്‍ ഇവിടെ ഉണ്ടായിരിക്കും. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഇതിന് പിന്തുണ നല്‍കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള പ്രാരംഭ നിക്ഷേപം ഏകദേശം 200 കോടി രൂപയാണ്. മൊത്തം പദ്ധതി അടങ്കല്‍ ഏകദേശം 1,515 കോടി രൂപ.