LogoLoginKerala

എസ് എഫ് ഐ നേതാവിന്റെ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പ്രിന്‍സിപ്പാളിനെ നീക്കി

 
principal

തിരുവനന്തപുരം- കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളെജിലെ എസ്എഫ് ഐ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട് കോളെജിലെ താത്കാലിക പ്രിന്‍സിപ്പല്‍ ഡോ. ജി.ജെ. ഷൈജുവിനെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു. കേരള സര്‍വകലാശാല. സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് പ്രിന്‍സിപ്പലിനെ നീക്കാന്‍ തീരുമാനിച്ചത്. സര്‍വകലാശാലയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഷൈജുവിനെതിരേയും എസ്എഫ്‌ഐ നേതാവ് എ.വിശാഖിനെതിരേയും പൊലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നമ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രഥമദൃഷ്ട്യാ ഇയാള്‍ കുറ്റക്കാരനാണ്. വിഷയം സര്‍വകലാശാലയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളില്‍ നിന്നും അധ്യാപകനെ മാറ്റി നിര്‍ത്തുമെന്ന് വി.സി പറഞ്ഞു. പരീക്ഷാ ഡ്യൂട്ടിയുള്‍പ്പടെയുള്ളവയില്‍ നിന്നും അഞ്ചുവര്‍ഷത്തേക്ക് ഇദ്ദേഹത്തെ ഒഴിവാക്കും.  ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് കബളിപ്പിക്കലാണ്. അധ്യാപകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതാണ് പ്രിന്‍സിപ്പല്‍ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷൈജുവിനെ പദവിയില്‍ നിന്ന് നീക്കാന്‍ കോളെജ് തയാറായില്ലെങ്കില്‍  കോളെജിന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദത്തെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്കുണ്ടായ നഷ്ടം അധ്യാപകനില്‍ നിന്നീടാക്കാനാണ് തീരുമാനം.  ഷൈജു പണം നല്‍കാന്‍ തയാറാകാത്ത പക്ഷം പണം കോളെജില്‍ നിന്നും ഈടാക്കും. കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍  വിജയിച്ച  പെണ്‍കുട്ടിക്കു പകരം എസ്എഫ്‌ഐ നേതാവ് വിശാഖിന്റെ പേര് സര്‍വകലാശാലയ്ക്കു നല്‍കിയതാണ് പ്രശ്‌നങ്ങള്‍ തുടക്കമിട്ടത്.