ലോകസഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഉണ്ണി മുകുന്ദന് മേല്‍ ബി ജെ പി സമ്മര്‍ദം
സമ്മതം മൂളാതെ 'മാളികപ്പുറം' സ്റ്റാര്‍

തിരുവനന്തപുരം- അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഉണ്ണി മുകുന്ദന്‍ വിസമ്മതിച്ചു. ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ഥിത്വം ഹിന്ദുമത വിശ്വാസികളുടെ വോട്ട് ഏകീകരിക്കുമെന്നും അദ്ദേഹത്തിന്റെ ജനപ്രിയത രാഷ്ട്രീയത്തിനുപരി വോട്ടായി മാറുമെന്നുമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബി ജെ പിക്ക് വിജയപ്രതീക്ഷയുള്ള ഏതെങ്കിലുമൊരു മണ്ഡലത്തില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുകയാണ് ലക്ഷ്യം. ഉണ്ണി മുകുന്ദന് വ്യക്തിബന്ധങ്ങളുള്ള പാലക്കാടാണ് മുഖ്യപരിഗണനയിലുള്ളത്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ഇതുവരെ ഇതിന് സമ്മതം മൂളിയിട്ടില്ല. സിനിമാ താരം എന്ന നിലയ്്ക്കുള്ള തന്റെ പൊതുസ്വീകാര്യതക്ക് രാഷ്ട്രീയപ്രവേശനം മങ്ങലേല്‍പിക്കുമെന്ന ആശങ്ക താരത്തിനുണ്ട്. സിനിമയില്‍ വന്ന ശേഷം സൂപ്പര്‍ ഹീറോ പരിവേഷം ലഭിച്ചു തുടങ്ങിയ സമയത്ത് തന്നെ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത് ഭാവിയില്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും ഉണ്ണിയോടടുപ്പമുള്ളവര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു സിനിമാ പരിപാടിക്കിടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. സാധ്യത പൂര്‍ണായും തള്ളിക്കളയാന്‍ അദ്ദേഹം ഒരുക്കമല്ലെന്നാണിത് നല്‍കുന്ന സൂചന. അദ്ദേഹത്തിന് മുന്നില്‍ മാതൃകയായി സുരേഷ് ഗോപിയുണ്ട്. എന്നാല്‍ സുരേഷ് ഗോപി മലയാള സിനിമയിലെ അദ്ദേഹത്തിന്റെ സുവര്‍ണ കാലഘട്ടത്തിന് ശേഷം രാഷ്ട്രീയത്തില്‍ വന്നയാളാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ അദ്ദേഹത്തിന് സിനിമയില്‍ നിന്ന് ഏറെ കാലം മാറി നില്‍ക്കേണ്ടിവന്നു. മോഹന്‍ലാലിനെ ഇതുപോലെ രാഷ്ട്രീയത്തിലിറക്കാന്‍ ബി ജെ പി നേതൃത്വം ഏറെ ശ്രമിച്ചിരുന്നതാണെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
തന്റെ സംഘപരിവാര്‍ ബന്ധം തുറന്നു പറഞ്ഞിട്ടുള്ള ആളാണ് ഉണ്ണി മുകുന്ദന്‍. താന്‍ ബി ജെ പി - ആര്‍ എസ് എസ് അനുഭാവിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. പാലക്കാട് ബി ജെ പിയുടെ പരിപാടികളില്‍ ഉണ്ണി മുകുന്ദനെ സജീവമായി അവതരിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഉണ്ണി മുകുന്ദന്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ യെസ് മൂളിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കേരളത്തിലെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ അദ്ദേഹമായിരിക്കും.