സി പി എമ്മിന് 20 ലക്ഷം രൂപ സംഭാവന നല്‍കിയെന്ന് സമ്മതിച്ച് പ്രസാഡിയോ ഉടമ

തിരുവനന്തപുരം- സി പി എമ്മിന് 20 ലക്ഷം രൂപ സംഭാവന നല്‍കിയെന്ന് സമ്മതിച്ച് എ.ഐ. ക്യാമറ ഇടപാടില്‍ ഉപകരാര്‍ നേടിയ പ്രസാഡിയോ കമ്പനിയുടെ പ്രധാന ഡയറക്ടര്‍ സുരേന്ദ്രകുമാര്‍ നെല്ലിക്കോമത്ത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ഷന്‍ ഫണ്ടിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഒമാനില്‍ ബിസിനസുകാരനായ സുരേന്ദ്രകുമാര്‍ പറഞ്ഞു.
2020 സെപ്റ്റംബറിലാണ് എസ്.ആര്‍.ഐ.ടി.യില്‍നിന്ന് പ്രസാഡിയോ ഉപകരാര്‍ നേടുന്നത്. 2020-21ലാണ് ഇദ്ദേഹം 20 ലക്ഷം രൂപ സി പി എമ്മിന് സംഭാവന നല്‍കിയത്. സി.പി.എം. തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ച റിപ്പോര്‍ട്ടില്‍ 149-ാം പേരുകാരനാണ് സുരേന്ദ്രകുമാര്‍. വ്യക്തി എന്ന പേരിലാണ് സംഭാവന നല്‍കിയിരിക്കുന്നത്. ഈ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് പണം നല്‍കിയ കാര്യം സുരേന്ദ്രകുമാര്‍ സമ്മതിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബുവുമായി തനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഒമാനില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും സുരേന്ദ്രകുമാര്‍ വ്യക്തമാക്കി. പ്രകാശ് ബാബു വഴിയാണ് താന്‍ ഒ ബി രാംജിത്തിനെ പരിയപ്പെടുന്നത്. ഇന്ത്യയില്‍ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലും വാഹന ടെസ്റ്റിങ് സെന്ററുകള്‍ക്കു ബിസിനസ് സാധ്യതയുണ്ടെന്നു പറഞ്ഞത് ഒ.ബി.രാംജിത്താണെന്നും അങ്ങനെയാണ് പ്രസാഡിയോ കമ്പനി കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തതെന്നും ഡയറക്ടര്‍ സുരേന്ദ്രകുമാര്‍ നെല്ലിക്കോമത്ത് പറയുന്നു.
കെഫോണിന്റെ ജോലികള്‍ക്കായി ജീവനക്കാരെ താമസിപ്പിക്കാനാണ് രാംജിത്ത് പ്രകാശ്ബാബുവിന്റെ കൊച്ചിയിലെ വീട് വാടകയ്‌ക്കെടുത്തത്. വാടകത്തുക എഗ്രിമെന്റ് വച്ചു തന്നെ പ്രകാശ്ബാബുവിനു കൈമാറിയതു സുതാര്യത ഉറപ്പാക്കാനാണ്. അതുപോലും അപവാദങ്ങള്‍ക്ക് ഇടയാക്കിയതിനാലാണു വിശദീകരിക്കുന്നത്. റോഡ് ക്യാമറ കരാറില്‍ 14 കണ്‍ട്രോള്‍ റൂമുകളുടെ രൂപീകരണവും ക്യാമറ സ്ഥാപിക്കലുമായിരുന്നു പ്രസാഡിയോ കമ്പനിയുടെ ജോലി. 42 കൊല്ലമായി ഒമാനില്‍ റോഡ് നിര്‍മാണജോലികള്‍ നടത്തുന്ന തനിക്കു കേരളത്തില്‍ കൈക്കൂലി നല്‍കി കരാര്‍ എടുക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രകുമാര്‍ പറഞ്ഞു.
പ്രസാഡിയോ കമ്പനിയുടെ ദൈനംദിന ചുമതലകള്‍ പൂര്‍ണമായും ഓപ്പറേഷന്‍സ് ഡയറക്ടര്‍ രാംജിത്താണ്. തനിക്ക് ഒമാനിലെ ബിസിനസ് നോക്കാനുള്ളതിനാല്‍ കേരളത്തില്‍ ശ്രദ്ധിക്കാനാകില്ലെന്നാണ് ഇവിടെയുള്ള കാര്യങ്ങള്‍ രാംജിത്ത് നടത്തണമെന്നു നിര്‍ദേശിച്ചത്. ഖാലിദ് ബിന്‍ അഹമ്മദ് ആന്‍ഡ് സണ്‍സ് എന്ന പ്രധാന കമ്പനിയുള്‍പ്പെടെ തനിക്ക് 3 കമ്പനികള്‍ ഒമാനിലുണ്ടെന്നും തന്റെ മറ്റു കമ്പനികളുമായൊന്നും രാംജിത്തിനു ബന്ധമില്ലെന്നും സുരേന്ദ്രകുമാര്‍ പറഞ്ഞു. പ്രസാഡിയോ കമ്പനിയുടെ സൂം മീറ്റിങ്ങില്‍ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ടെങ്കില്‍ അത് രാംജിത് ആവശ്യപ്പെട്ടിട്ടായിരിക്കാമെന്നും സുരേന്ദ്രകുമാര്‍ പറയുന്നു.
ഓട്ടമാറ്റിക് ടെസ്റ്റിങ് സെന്ററുകള്‍ സ്ഥാപിക്കുന്ന ജര്‍മന്‍ കമ്പനിയുമായി പരിചയപ്പെടുത്തിയത് രാംജിത്താണ്. കേരളത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും ഓട്ടമാറ്റിക് വെഹിക്കിള്‍ ടെസ്റ്റിങ് സെന്റര്‍ കരാറുകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ കരാര്‍ ലഭിച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍നിന്ന് ടെസ്റ്റിങ് സെന്ററുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ഉപകരാറാണു ലഭിച്ചത്. അതുകഴിഞ്ഞ് കെ- ഫോണ്‍ ജില്ലാ സെന്ററുകളുടെ സിവില്‍ ജോലികളുടെ ഉപകരാറും ലഭിച്ചു. ഇതിലൊന്നും സുതാര്യമല്ലാത്ത ഒരു ഇടപാടമില്ലെന്ന് സുരേന്ദ്രകുമാര്‍ പറയുന്നു.