LogoLoginKerala

പ്രവീണ്‍ സൂദ് പുതിയ സി ബി ഐ ഡയറക്ടര്‍

 
praveen sood


 സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) മേധാവിയായി കര്‍ണാടക പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) പ്രവീണ്‍ സൂദിനെ നിയമിച്ചു. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഇന്ന് ഉച്ചക്ക് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്ക് അദ്ദേഹം ഈ സ്ഥാനത്ത് തുടരും. നിലവില്‍ സി ബി ഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ രണ്ട് വര്‍ഷ കാലാവധി മെയ് 25ന് അവസാനിക്കും. അന്ന് പുതിയ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കും.

പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ നിന്നാണ് സൂദിനെ നിയമിച്ചിരിക്കുന്നത്. പ്രവീണ്‍ സൂദിനെ കൂടാതെ മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്സേന, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോംഗാര്‍ഡ്സിന്റെയും ഫയര്‍ സര്‍വീസിന്റെയും ഡിജി ആയ താജ് ഹസന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. ബി ജെ പി നേതൃത്വവുമായി അടുപ്പമുള്ള സൂദിനെ തിരഞ്ഞെടുത്തതില്‍ രാഷ്ട്രീയ താല്‍പര്യവും പ്രതിഫലിച്ചു. ബിജെപി സര്‍ക്കാരിനെ സംസ്ഥാന ഡിജിപി ആയ പ്രവീണ്‍ സൂദ് സംരക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവി ഡികെ ശിവകുമാര്‍ ആരോപിച്ചിരുന്നു. രണ്ട് വര്‍ഷമാണ് സിബിഐ ഡയറക്ടറുടെ കാലാവധി. എന്നാല്‍ 5 വര്‍ഷം വരെ നീട്ടാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്.


ഐഐടി-ഡല്‍ഹിയില്‍ നിന്ന് ബിരുദം നേടിയ സൂദ് 1986-ലാണ് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ (ഐപിഎസ്) ചേര്‍ന്നു. നിരവധി പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറില്‍ അദ്ദേഹം പോലീസ് സേനയിലെ വിവിധ പ്രധാന സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിലെ അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും ട്രാക്ക് റെക്കോര്‍ഡിന്റെയും തെളിവാണ് സിബിഐ ഡയറക്ടറായി അദ്ദേഹത്തിന്റെ നിയമനം. 2004 മുതല്‍ 2007 വരെ മൈസൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരിക്കെ, പാകിസ്ഥാന്‍ വംശജനായ ഒരു ഭീകരനെ അറസ്റ്റ് ചെയ്യുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ബെംഗളൂരു നഗരത്തിലെ പോലീസ് കമ്മീഷണര്‍ എന്ന നിലയില്‍, ദുരിതമനുഭവിക്കുന്ന പൗരന്മാര്‍ക്കായി അദ്ദേഹം 'നമ്മ 100' എന്ന  പേരില്‍ ഒരു റാപ്പിഡ് ആക്ഷന്‍ സംവിധാനം ആരംഭിച്ചു. എല്ലാ വനിതാ പോലീസുകാരും നിയന്ത്രിക്കുന്ന 'സുരക്ഷ' ആപ്പും ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി 'പിങ്ക് ഹൊയാസാല'യും അവതരിപ്പിക്കുന്നതിലും സൂദ് നിര്‍ണായക പങ്കുവഹിച്ചു.