ഗുസ്തിതാരങ്ങൾക്കെതിരായ ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമത്തിന് തെളിവില്ലെന്ന് പോലീസ്
May 31, 2023, 15:24 IST
ന്യൂഡൽഹി - ബി.ജെ.പി എം.പിയും നാഷണൽ റെസ്ലിങ് ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ തെളിവില്ലെന്ന് ഡൽഹി പൊലീസ്. അതിനാലാണ് അറസ്റ്റ് ചെയ്യാത്തത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
ലൈംഗികാതിക്രമം നടത്തിയ ബി.ജെ.പി നേതാവിനെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഗുസ്തി താരങ്ങൾ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് പീഡനത്തിന് തെളിവില്ലെന്നുള്ള ഡൽഹി പോലീസിന്റെ വെളിപ്പെടുത്തൽ. ഗുസ്തി താരങ്ങൾ രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കി പ്രതിഷേധിക്കാൻ തീരുമാനിച്ചുവെങ്കിലും അഞ്ചുദിവസത്തിനകം പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാമെന്ന കർഷക സമിതി നേതാക്കളുടെ ഉറപ്പിലാണ് പ്രക്ഷോഭകരെ തൽകാലം തണുപ്പിക്കാനായത്. ഇതിനിടയ്ക്കാണ് ബി ജെ പി നേതാവിന് പോലീസ് ക്ലീൻ ചിറ്റ് നൽകുന്നത്.
രാഷ്ട്രീയ ദുസ്സ്വാധീനത്തിലൂടെയും നരേന്ദ്ര മോഡി സർക്കാറിന്റെ പിന്തുണയിലും ബി.ജെ.പി നേതാവിനെ ലൈംഗികക്കേസിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഗുഢ നീക്കമാണിപ്പോൾ നടക്കുന്നതെന്ന് ഗുസ്തി താരങ്ങളെ പിന്തുണക്കുന്ന വർ കുറ്റപ്പെടുത്തി.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി ഏപ്രിൽ 23-നാണ് താരങ്ങൾ ജന്തർമന്ദറിൽ സമരം തുടങ്ങിയത്.
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി നിരവധി സംഘടനകളും വ്യക്തികളും ദിവസവും രംഗത്തെത്തുന്നുണ്ട്.