കണ്ണൂര്‍ കളക്ടറേറ്റിന് മുന്‍പിലെ പെട്രോള്‍ പമ്പിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറി പൊലീസ് ജീപ്പ്
കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റിന് മുന്‍പിലെ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി. കണ്ണൂര്‍ നഗരത്തിനെ പരിഭ്രാന്തിയിലാഴ്ത്തിയാണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോള്‍ പമ്പ് തകര്‍ത്തത്. തലനാരിഴയ്ക്ക് വന്‍ ദുരന്തമൊഴിവായത് നഗരവാസികള്‍ക്കും യാത്രക്കാര്‍ക്കും ആശ്വാസമായി .
കണ്ണൂര്‍ നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കളക്ടറേറ്റിന് മുന്‍പിലെ പെട്രോള്‍ ബങ്കാണ് പൊലീസ് ജീപ്പിടിച്ചു തകര്‍ന്നത്. തിങ്കളാഴ്ച്ച രാവിലെ ഏഴു മണിക്കാണ് കണ്ണൂര്‍ എ.ആര്‍ ക്യാംപിലെ പൊലിസ് ജീപ്പാണ് കളക്ടറേറ്റിനു മുന്‍പിലെ പെട്രോള്‍ പമ്പിലേക്ക് റോഡിലെ ഡിവൈഡര്‍ തകര്‍ത്ത് എതിര്‍ ദിശയിലേക്ക് പാഞ്ഞുകയറിയത്.
ജീപ്പിന്റെ ജോയന്റ് പൊട്ടിയതിനാല്‍ നിയന്ത്രണം വിടുകയായിരുന്നു. ഡി വൈ ഡര്‍ തകര്‍ത്തതിനു ശേഷം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയിട്ട കാറില്‍ പൊലീസ് ജീപ്പിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പിന്നോട്ട് തെറിച്ച് പെട്രോള്‍ നിറയ്ക്കുന്ന മെഷിനും തകര്‍ത്തു. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റു.