എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറി ഡി ജി പിയുടെ ഉത്തരവ്

തിരുവനന്തപുരം - എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എൻ ഐ എ)ക്ക് കൈമാറിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. ഇത് സംബന്ധിച്ച ഫയലുകള്‍ അടിയന്തിരമായി എന്‍,ഐ.എയ്ക്ക് കൈമാറാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യു എ പി എ ചുമത്തിയതോടെയാണ് കേസില്‍ എന്‍ ഐ എ അന്വേഷണത്തിനും വഴിതുറന്നത്. കേസില്‍ കഴിഞ്ഞ ഏപ്രില്‍ 16 ന് തന്നെ എന്‍.ഐ.എ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും സംസ്ഥാന പോലീസിന് തന്നെയായിരുന്നു അന്വേഷണ ചുമതല. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് ഭീകരപ്രവര്‍ത്തനമാണെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ യു.എ.പി.എ ചുമത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുകയും ചെയ്തു. ഇതോടെയാണ് തുടരന്വേഷണം ഔദ്യോഗികമായി എൻ.ഐ.എയ്ക്ക് കൈമാറിയത്. എൻ ഐ എ എറണാകുളത്തെ പ്രത്യേക കോടതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു.