LogoLoginKerala

ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്പിനിടെ, ആസൂത്രണം മൂന്നു പ്രതികളും ചേര്‍ന്ന്

 
murder
കൊല്ലപ്പെട്ട സിദ്ദീഖും ഫര്‍ഹാനയും പരിചയക്കാര്‍, ഷിബിലിക്ക് സിദ്ദീഖിന്റെ ഹോട്ടലില്‍ ജോലി നല്‍കിയത് ഫര്‍ഹാനയുടെ ആവശ്യപ്രകാരം, ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ മൂന്നു പ്രതികളും ആസൂത്രണം നടത്തി.
 

മലപ്പുറം- കോഴിക്കോട് കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരി തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖ് (58) ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത് പ്രതികളായ  മുഹമ്മദ് ഷിബിലി, ഖദീജത്ത് ഫര്‍ഹാന (19), ഫര്‍ഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് എന്നിവര്‍ ചേര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഹണിട്രാപ്പിന്റെ ഭാഗമെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ പരിചയം സ്ഥാപിച്ചിരുന്ന സിദ്ദീഖിനെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവരുത്തിയത് ഫര്‍ഹാനയാണെന്നും പ്രതികള്‍ ഒരുക്കിയ ഹണിട്രാപ്പില്‍ സിദ്ദീഖ് പെട്ടുപോകുകയായിരുന്നുവെന്നും വ്യക്തമായി. 

ഫര്‍ഹാനയുടെ പിതാവും സിദ്ദീഖും പരിചയക്കാരാണ്. ഈ പരിചയത്തിലൂടെയാണ് ഫര്‍ഹാന സിദ്ദീഖുമായി അടുപ്പം സ്ഥാപിച്ചത്. കാമുകനായ മുഹമ്മദ് ഷിബിലിക്ക് സിദ്ദീഖ് ഹോട്ടലില്‍ ജോലി നല്‍കിയത് ഫര്‍ഹാന ആവശ്യപ്പെട്ടനുസരിച്ചായിരുന്നു. സമ്പന്നനായ സിദ്ദീഖില്‍ നിന്നും പണം തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയൊരുക്കി. ഇതിന്റെ ഭാഗമായാണ് സിദ്ദീഖ് ഡി കാസ ഹോട്ടലില്‍ രണ്ടു മുറികള്‍ എടുത്തത്. ഒന്നില്‍ സിദ്ദീഖിനും മറ്റൊന്ന് ഫര്‍ഹാനക്കും. ഫര്‍ഹാനയുടെ ആവശ്യപ്രകാരമായിരുന്നു ഇത്. ഇവിടെ വെച്ച് ഹണിട്രാപ്പില്‍ പെടുത്തി സിദ്ദീഖില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു മൂന്നു പ്രതികളുടെയും പദ്ധതി. സിദ്ദീഖില്‍ നിന്ന് ചെറുത്തു നില്‍പ്പുണ്ടായാല്‍ ആക്രമിക്കാനായി ഫര്‍ഹാന ബാഗില്‍ ചുറ്റികയും ഷിബിലി കത്തിയും കരുതിയിരുന്നു.  

ഫര്‍ഹാനയും സിദ്ദീഖും ഒരേ മുറിയിലുള്ളപ്പോള്‍ മറ്റ് പ്രതികള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇവിടേക്ക് വന്ന് സിദ്ദീഖിന്റെ നഗ്നചിത്രം പകര്‍ത്തി വിലപേശുകയായിരുന്നു. എന്നാല്‍ ഇതിനെ സിദ്ദീഖ് ചെറുത്തതോടെ പ്രതികള്‍ ഇയാളെ ആക്രമിച്ചു. സിദ്ദീഖിനെ അടിക്കാനായി ബാഗില്‍ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് എടുത്തു കൊടുത്തത് ഫര്‍ഹാനയായിരുന്നു. ചുറ്റിക ഉപയോഗിച്ച് തലക്ക് ഏല്‍പിച്ച രണ്ട് മാരക പ്രഹരങ്ങളും മറ്റൊരു പ്രതിയായ ആഷിഖ് നെഞ്ചില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ശ്വാസകോശത്തിനേറ്റ പരിക്കുകളുമാണ് മരണകാരണമായത്. ആഷിഖ് സിദ്ദിഖിന്റെ നെഞ്ചില്‍ പലതവണ ചവിട്ടി. ഈ ചവിട്ടില്‍ സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞു.

സിദ്ദീഖ് മരിച്ചെന്ന് മനസ്സിലാക്കിയ പ്രതികള്‍ മൃതദേഹം ആരുമറിയാതെ പുറത്തുകൊണ്ടുപോയി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പ് നടത്തി. ഒരു ട്രോളി ബാഗ് വാങ്ങി മൃതദേഹം അതിനുള്ളിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് രണ്ടാമതൊരു ട്രോളി ബാഗും ഇലക്ട്രിക് കട്ടറും വാങ്ങിയ ശേഷം തിരിച്ചെത്തിയ പ്രതികള്‍ മൃതദേഹം ബാത്ത് റൂമില്‍ വെച്ച് മുറിച്ച് കഷ്ണങ്ങളാക്കി രണ്ട് ബാഗുകളില്‍ കയറ്റി അട്ടപ്പാടിയില്‍ കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. ആഗാധ ഗര്‍ത്തത്തിലേക്ക് ബാഗുകള്‍ ഉപേക്ഷിക്കാനുള്ള  നിര്‍ദേശം ഈ സ്ഥലം പരിചയമുള്ള ആഷിഖിന്റേതായിരുന്നു. 

പ്രതികള്‍ കുറ്റം സമ്മതിച്ചതായും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യത അന്വേഷിക്കുകയാണെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞു. പ്രതികള്‍ വെളിപ്പെടുത്തിയ മുഴുവന്‍ കാര്യങ്ങളും ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.5