LogoLoginKerala

ട്രെയിൻ തീവയ്പ്: ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു

 
Train Firing
കണ്ണൂർ- എലത്തൂർ ട്രെയിൻ തീവയ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷാറുഖ് സെയ്ഫിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പു നടത്തി. വൻ സുരക്ഷാ സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. ഇയാൾ തീവച്ച ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിൽ ഡി 1 കംപാർട്മെന്റിലായിരുന്നു ആദ്യ തെളിവെടുപ്പ്. ഇവിടുത്തെ തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടുനിന്നു. തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലും തെളിവെടുപ്പ് നടത്തി.
കൃത്യം താൻ ചെയ്തതാണെന്നും ബാ​ഗ് തന്റേതാണെന്നുമല്ലാതെ മറ്റൊന്നും ഷാറൂഖ് മൊഴി നൽകിയിട്ടില്ല. നേരത്തേ പല തവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോ​ഗ്യ കാരണങ്ങളാണ് വൈകുകയായിരുന്നു. എന്നാൽ ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയ്യാറായത്. ഡി1 കോച്ചിലാണ് പ്രതി ആദ്യം തീയിട്ടത്.
ഷൊർണൂരിലും പ്രതിയെ കൊണ്ടുപോയേക്കും. കൃത്യത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഷൊർണൂരിലെ തെളിവെടുപ്പ് ഏറെ നിർണായകമാണ്. പെട്രോൾ വാങ്ങിയതിന് പുറമേ ഷൊർണൂരിൽ പലരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതി ആക്രമണത്തിന് ഇറങ്ങിത്തിരിച്ചത് എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഇത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കേസ് എൻഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.
സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന വിലയിരുത്തലിൽ സമാന്തര അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ രംഗത്തിറങ്ങിയതിനിടെയാണ് തെളിവെടുപ്പ്. റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരാണു പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള സമാന്തര അന്വേഷണം നടത്തുന്നത്. ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം ചെയ്യൽ വിവരങ്ങൾ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകളും തേടിയാണു കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) നേരത്തേ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. 
ഏപ്രിൽ 2ന് രാത്രി ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചിൽ യാത്രക്കാർക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ കണ്ണൂർ വരെ യാത്ര ചെയ്തെന്നാണു പ്രതിയുടെ മൊഴി. ഈ യാത്രയിൽ ട്രെയിനിന് അകത്തും പുറത്തും പ്രതിയെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോയെന്നാണ് അന്വേഷണം. ട്രെയിനിൽ തന്നെയാണോ പ്രതി കണ്ണൂരിൽ എത്തിയതെന്നും പരിശോധിക്കുന്നു.