പി എം എ സലാം തന്നെ മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി
എം കെ മുനീര്‍-കെ എം ഷാജി കൂട്ടുകെട്ടിന് തിരിച്ചടി നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ പി.എം.എ. സലാം തന്നെ തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാന്‍ ധാരണയായി. ലീഗ് സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം. നേരത്തേ ഡോ. എം.കെ. മുനീര്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്തിനായി രംഗത്തുവന്നിരുന്നു. കെ എം ഷാജി അടക്കമുള്ളവരുടെ ശക്തമായ പിന്തുണയോടെയായിരുന്നു നീക്കം. എന്നാല്‍ പാണക്കാട് സയ്യിദലി സാദിഖലി ശിഹാഹബ് തങ്ങള്‍ ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷന്‍മാരുടെ അഭിപ്രായം തേടിയതോടെ പി എം എ സലാം പാര്‍ട്ടിയില്‍ പിന്തുണ ഉറപ്പാക്കി.
ഉന്നതാധികാര സമിതി യോഗം തുടങ്ങിയ ഉടനെത്തന്നെ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി.എം.എ. സലാമിന്റെ പേര് പറഞ്ഞിരുന്നു. എന്നാല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ ഈ പ്രഖ്യാപനത്തെ അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്തു. എന്നാല്‍ ഇവരുടെ നിലപാടിന് പൊതുസ്വീകാര്യത ലഭിച്ചില്ല. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയാണഅ പി.എം.എ. സലാമിന് തുണയായത്. പ്രസിഡന്റ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ നിലപാടിനൊപ്പം നിന്നു. പി.എം.എ. സലാം തന്നെ സെക്രട്ടറിയാവട്ടെ എന്ന് കുഞ്ഞാലിക്കുട്ടി നേരത്തേതന്നെ അഭിപ്രായപ്പെട്ടിരുന്നു. കമ്മറ്റി തെരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലിം ലീഗ് കീഴ് വഴക്കമല്ലെന്നും സാദിഖലി തങ്ങളും നേരത്തെ പ്രതികരിച്ചിരുന്നു.