LogoLoginKerala

മാര്‍ക്ക്‌ലിസ്റ്റ് വിവാദം; ആര്‍ഷോയുടെ ആരോപണം തെറ്റെന്ന് മഹാരാജാസ്

കെ എസ് യു പ്രവര്‍ത്തകയ്ക്ക് അധ്യാപകന്‍ മാര്‍ക്ക് ദാനം നടത്തിട്ടില്ലെന്ന് എക്സാമിനേഷന്‍ കമ്മറ്റി

 
pm arsho

കൊച്ചി- എഴുതാത്ത പരീക്ഷ താന്‍ പാസായെന്ന് വരുത്തിത്തീര്‍ത്തതിന് പിന്നില്‍ മഹാരാജാസ് കോളജിലെ അധ്യാപകനാണെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍. അധ്യാപകനായ ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കലിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എക്‌സാമിനേഷന്‍ കമ്മറ്റിയുടെ വിലയിരുത്തല്‍. വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കൂട്ടി നല്‍കിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് കമ്മിറ്റി കണ്ടെത്തി.

ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ പലപ്പോഴായി ഡിപ്പാര്‍ട്‌മെന്റ് കോഡിനേറ്ററായ ഡോ. വിനോദ് കുമാറിനെതിരെ നല്‍കിയ പരാതികളും അതില്‍ താന്‍ നടത്തിയ ഇടപെടലുമാണ് തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിലെന്നാണ് ആര്‍ഷോ ആരോപിച്ചിരുന്നത്.  കെ എസ് യു നേതാവായ ആര്‍ദ്രക്ക് ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ത്ഥിനിയുടെ റീവാല്യൂവേഷന്‍ റിസള്‍ട്ടുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്ററുടെ ഇടപെടല്‍ സംബന്ധിച്ച് കോളേജ് യൂണിയനും വിദ്യാര്‍ത്ഥികളും പരാതി നല്‍കിയിരുന്നു. 18 മാര്‍ക്ക് ലഭിച്ച ആര്‍ദ്രക്ക് റിവാല്യുവേഷനില്‍ മാര്‍ക്ക് ഇരട്ടിയായി മാറി. റി വാല്യുവേഷന്‍ അധ്യാപകന്‍ ഒറ്റക്കാണ് നടത്തിയതെന്നും ഇതില്‍ ചട്ടലംഘനമുണ്ടെന്നുമായിരുന്നു ആരോപണം. ഈ ആരോപണത്തെ തുടര്‍ന്നാണ് ഡോ. വിനോദ്കുമാറിനെ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന ദിവസത്തിലാണ് ആര്‍ഷോയ്‌ക്കെതിരെ മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍ ആരോപണം വന്നത്.