LogoLoginKerala

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് ഹര്‍ജിക്കാരന്‍ 
 
pinarayi vijayan-aji krishnan- hrds
എച്ച്ആര്‍ഡിഎസ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അജി കൃഷ്ണനൊപ്പം
 

കൊച്ചി- സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച് ആര്‍ ഡി എസ്) സെക്രട്ടറി അജി കൃഷ്ണനാണ് ഹര്‍ജിക്കാരന്‍. 
സ്വപ്‌ന ജെയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം എച്ച് ആര്‍ ഡി എസില്‍ ജോലി നല്‍കിയിരുന്നു. എച്ച് ആര്‍ ഡി എസില്‍ വെച്ചാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതിന് ശേഷം ആദിവാസി ഭൂമി തട്ടിപ്പു കേസില്‍ അജികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് സ്വപ്‌നയെ സംരക്ഷിച്ചതിനുള്ള പ്രതികാര നടപടിയയാണ് വിലയിരുത്തപ്പെട്ടത്. അതിന് ശേഷം എച്ച് ആര്‍ ഡി എസില്‍ നിന്ന് രാജിവെച്ച സ്വപ്‌ന ബാംഗ്ലൂരില്‍ താമസമാക്കിയിരിക്കുകയാണ്. 
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരെ സ്വപ്‌നാ സുരേഷ് കോടതിയിലും ഇ ഡിക്കും മൊഴി നല്‍കിയിരുന്നു. കോടതിയില്‍ മൊഴി നല്‍കിയ ശേഷം  സ്വപ്‌ന സുരേഷ് പറഞ്ഞത് ഇങ്ങനെ: '2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോയപ്പോഴാണ് ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പരിശോധിക്കുന്നതിനും വിമാനത്താവളത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കര്‍ സ്വപ്‌നയെ അറിയിച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ വഴി അത് കൊടുത്തുവിട്ടെന്നും സ്വപ്‌ന പറഞ്ഞു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് വസ്തുക്കള്‍ എത്തിച്ചത്. കോണ്‍സലേറ്റില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഈ ബാഗില്‍ കറന്‍സിയായിരുന്നുവെന്ന് മനസിലാക്കി.  മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കാര്യങ്ങള്‍ അറിയാം'.