അരിക്കൊമ്പന് പുതിയ താവളം തേടുന്നു; തേക്കടി പരിഗണനയില്‍
Tue, 18 Apr 2023

ഇടുക്കി- സുപ്രീം കോടതിയും കൈയൊഴിഞ്ഞതോടെ അരിക്കൊമ്പനെ എവിടേക്ക് മാറ്റുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ വനം വകുപ്പ് പ്രതിസന്ധിയിൽ.
പറമ്പിക്കുളത്തേക്ക് അടുപ്പിക്കില്ലെന്ന് നാട്ടുകാര്‍ കടുംപിടുത്തം തുടരവേ അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും തേക്കടിയിലേക്ക് മാറ്റാന്‍ ആലോചന നടക്കുന്നുണ്ട്. അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീകോടതി തള്ളിയതോടെയാണ് പുതിയ ലാവണം തേടാന്‍ വനം വകുപ്പ് നിര്‍ബന്ധിതമായത്. 19ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ പുതിയ സ്ഥലം നിര്‍ദേശിക്കേണ്ടി വരും.
ഹൈക്കോടതി നിര്‍ദേശിച്ചപ്പോള്‍ തന്നെ പുതിയ സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നതിനു പകരം സുപ്രീം കോടതിയെ സമീപിച്ചതാണ് അവിടെ നിന്നും തിരിച്ചടി ലഭിക്കാന്‍ കാരണമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആനയെ കൂട്ടിലടക്കുന്ന കാര്യം സുപ്രീം കോടതി പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനമായ തേക്കടിയിലേക്ക് മാറ്റിയാലും ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ അരി തേടി എത്തുമെന്ന് ആശങ്കയുണ്ട്. ഏറെ ദൂരം നീന്താന്‍ കഴിവുള്ള അരിക്കൊമ്പന്‍ ആനയിറങ്കല്‍ ഡാമില്‍ നീന്തി പരിചയമുള്ളതിനാല്‍ മുല്ലപ്പെരിയാര്‍ നീന്തിക്കടന്നും ജനവാസ മേഖലയിലേക്ക് എത്താം. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന തേക്കടിക്ക് അത് സുരക്ഷാഭീഷണി സൃഷ്ടിക്കും.
ഭക്ഷണ രീതിയടക്കം മാറിപ്പോയതും ഇണകളില്‍ നിന്ന് വേര്‍പ്പെടുത്തുന്നതും ഒരുപക്ഷേ അരിക്കൊമ്പനെ കൂടുതല്‍ അക്രമകാരിയാക്കിയേക്കാം. അതേ സമയം ചുരുങ്ങിയ സമയം കൊണ്ട് പിടികൂടി എത്തിക്കാനാകുമെന്നതും താരതമ്യേനേ ജനവാസം കുറവുമാണ് എന്നതുമാണ് തേക്കടിക്കുള്ള ഗുണം. ഇത് തേക്കടിയോട് ചേര്‍ന്നുളള കുമളിയില്‍ ജനകീയ പ്രതിഷേധത്തിനിടയാക്കുമോ എന്ന ആശങ്കയുമുണ്ട്. അരിക്കൊമ്പന്‍ ഓപ്പറേഷന് എത്തിയ നാല് കുങ്കിയാനകളെ കഴിഞ്ഞ ദിവസം സിമന്റുപാലത്ത് നിന്ന് 301 കോളനിയിലേക്ക് മാറ്റിയിരുന്നു.