ട്രെയിന്‍ തീവയ്പ്: മരിച്ചവരുടെ വീട്ടില്‍ മുഖ്യമന്ത്രി എത്തി, ധനസഹായം കൈമാറി
അന്വേഷണ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കണ്ണൂര്‍-എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിനെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് എത്തി കൈമാറി. മട്ടന്നൂര്‍ സ്വദേശികളായ പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
ഉച്ചയ്ക്ക് 12.50-ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ റേഞ്ച് ഐ.ജി. നീരജ് കുമാര്‍ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതിന് ശേഷമായിരുന്നു ട്രെയിന്‍ തീവെപ്പില്‍ മരണപ്പെട്ട റഹ്മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശന സമയത്ത് അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും റേഞ്ച് ഐ.ജി. നീരജ് കുമാര്‍ ഗുപ്തയും കൂടെ ഉണ്ടായിരുന്നു.
കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദരിയ മന്‍സില്‍ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മല്‍ ഷുഹൈബ് സഖാഫിയുടെയും മകള്‍ സെഹ്‌റ ബത്തൂല്‍ (2), മട്ടന്നൂര്‍ കൊടോളിപ്പുറം കൊട്ടാരത്തില്‍ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് ട്രെയിന്‍ ആക്രമണത്തിനു പിന്നാലെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി 1 കോച്ചില്‍ തീവയ്പ്പുണ്ടായത്. തീവെപ്പിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ഇവര്‍ പുറത്തേക്ക് വീണതോ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതോ ആകാമെന്ന് കരുതുന്നു.