LogoLoginKerala

ദുരാരോപണങ്ങളും ഇല്ലാക്കഥകളും ഏശില്ല; പ്രതിപക്ഷത്തിനെതിരെ തിരിച്ചടിച്ച് മുഖ്യമന്ത്രി

 
pinarayi vijayan

കൊച്ചി- പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തിരിച്ചടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ ദുരാരോപണങ്ങളും ഇല്ലാക്കഥകളും ഇവിടെ ഏശില്ലെന്നും യുഡിഎഫിന്റെ സംസ്‌കാരമുള്ളവരല്ല ഇപ്പോള്‍ അധികാരത്തിലിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
എല്ലാ പ്രതിസന്ധികളുണ്ടായിട്ടും നാടിന്റെ വികസനത്തില്‍ വീഴ്ചയുണ്ടായിട്ടില്ല എന്നതാണ് ജനങ്ങള്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കാനുള്ള കാരണം. തങ്ങള്‍ക്ക് ജയിച്ചുവരാന്‍ ഇവിടെ വികസനം നടക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സാധിക്കുമോ. യു ഡി എഫും ബി ജെ പിയും ഇരുമെയ്യാണെങ്കിലും ഇക്കാര്യത്തില്‍ ഒരുകരളായി നീങ്ങുകയാണ്. എല്‍ ഡി എഫിനെ എങ്ങിയെയും പരാജയപ്പെടുത്തണം. അതിന് വേണ്ടി തുടര്‍ച്ചയായി ഇല്ലാക്കഥകള്‍ കെട്ടിച്ചമക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയാണ്. പക്ഷെ ഒന്നും ഏശുന്നില്ല. കാരണം ഏശണമെങ്കില്‍ യു ഡി എഫിന്റെ സംസ്‌കാരമുള്ളവരാകണം ഈ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്. ഈ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് എല്‍ ഡി എഫിന്റെ മന്ത്രിമാരും എല്‍ ഡി എഫിന്റെ മന്ത്രിസഭയുമാണ്. അവര്‍ അവരുടേതായ സംസ്‌കാരത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കെട്ടിച്ചമക്കുന്ന ആരോപണങ്ങളൊന്നും ഏശുന്നവരല്ല. അത്രയും സുതാര്യമായാണ് കാര്യങ്ങള്‍ ഇവിടെ നിര്‍വഹിച്ചിട്ടുള്ളത്.
അവര്‍ വാശിയോടെ ഇപ്പോ അതിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്ക് ലക്ഷ്യം നിറവേറ്റാന്‍ കഴിയുമോ എന്ന പരിശ്രമത്തിലാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ഘട്ടത്തില്‍ ഗവണ്‍മെന്റിനെ സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമം നടത്തുന്നത്. ജനങ്ങളില്‍ വലിയ സംശയമുണ്ടാക്കണം. അതിന് ചില കഥകളുണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. എല്‍ ഡി എഫിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാര്യങ്ങള്‍ ജനങ്ങൡലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഒരു മാധ്യമം എഴുതിയത്. ആ പൂതിയൊന്നും ഏശുന്നതല്ല. നിങ്ങള്‍ കെട്ടിപ്പൊക്കുന്ന ദുരാരോപണങ്ങള്‍ അതിന്റെ ഭാഗമായികേരള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമാകുമെന്ന കരുതണ്ട. നിങ്ങള്‍ സ്വയമേവ പരിഹാസ്യരായിക്കൊണ്ടിരിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.