LogoLoginKerala

ഉഷ്ണതരംഗം: സംസ്ഥാനത്തുടനീളം തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും

 
pinarayi vijayan

പടക്ക നിര്‍മ്മാണ-സൂക്ഷിപ്പ് ശാലകളില്‍ അടിയന്തര പരിശോധന

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടര്‍മാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  
തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം 'തണ്ണീര്‍ പന്തലുകള്‍' എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നല്‍കണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്‌കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവൃത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തും. 
പോലീസ് അഗ്‌നി സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ അടിയന്തിരമായി പടക്ക നിര്‍മ്മാണ/ സൂക്ഷിപ്പ് ശാലകള്‍ പരിശോധിച്ച് നിര്‍ബന്ധമായും അഗ്‌നി സുരക്ഷാ ഉണ്ട് എന്ന് ഉറപ്പ് വരുത്തും. തീപിടുത്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അഗ്‌നിശമന രക്ഷാസേന പൂര്‍ണ സജ്ജമായി നില്‍ക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകള്‍, മാലിന്യ സംഭരണ കേന്ദ്രങ്ങള്‍, ജനവാസ മേഖലയില്‍ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍, എല്ലാ ആശുപതികളുടെയും, പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെയും ഫയര്‍ ഓഡിറ്റ് നടത്തണം. അഗ്‌നിശമന സേനയ്ക്ക് അധികമായി ആവശ്യമായ ഉപകരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ വാങ്ങുവാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 10 കോടി രൂപ അനുവദിക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തില്‍ എല്ലാ ആശുപതികളുടെയും, പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെയും ഇലക്ട്രിക്കല്‍ ഓഡിറ്റ് നടത്തണം. ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ തീപിടുത്തങ്ങള്‍ക്ക് കാരണമാകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. 
ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്‌നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ വിപുലമായ രീതിയില്‍ വേനല്‍ക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിന്‍ നടത്തണം. ഇത്തരം ക്യാമ്പയിന്‍ 'ഈ ചൂടിനെ നമുക്ക് നേരിടാം' എന്ന് നാമകരണം ചെയ്യും. ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരെ ഉപയോഗിക്കാം. ക്യാമ്പയിന്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കണം. അതതു വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.