'ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട് ഷാഫി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കും..'; എ എന്‍ ഷംസീര്‍

പാലക്കാട് എം എല്‍ എ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ബാനര്‍ ഉയര്‍ത്തിയിള്ള സഭയിലെ പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തവണ തോറ്റുപോകുമെന്നുമാണ് സ്പീക്കറുടെ പരാമര്‍ശം. . ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. സ്പീക്കറെ മറയ്ക്കുന്ന രീതിയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാണിച്ചതാണ് സ്പീക്കറെ പ്രകോപിതനാക്കിയത്.തുടര്‍ന്നായിരുന്നുഷാഫി പറമ്പിലിനെതിരായ സ്പീക്കറുടെ അസാധാരണ പരാമര്‍ശം.
ബാനര്‍ പിടിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിന് പിന്നാലെ റോജി എം ജോണിനെയും ചാലക്കുടി എം എല്‍ എ സനീഷ് ജോസഫിനെയും സ്പീക്കര്‍ ഉപദേശിച്ചു.പ്രതിപക്ഷ എം.എല്‍.എമാരെ പേരെടുത്ത് പറഞ്ഞായിരുന്നു സ്പീക്കറുടെ പരാമര്‍ശം. ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ജോസഫിനോടും സ്പീക്കര്‍ സമാനമായ പരാമര്‍ശം നടത്തുന്നുണ്ട്. നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് താക്കീതും ഇവര്‍ക്ക് സ്പീക്കര്‍ നല്‍കുന്നുണ്ട്. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. 16ാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് അുനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്.
''സനീഷേ, ചാലക്കുടിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ടേ.. നേരിയ മാര്‍ജിനിലാണ് ജയിച്ചത്. ഇതെല്ലാം അവര്‍ കാണുന്നുണ്ട്. ഷാഫീ, അടുത്ത തവണ തോല്‍ക്കും.. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്,'' സ്പീക്കര്‍ പറഞ്ഞു. എറണാകുളം എം.എല്‍.എ ടി.ജെ. വിനോദിനോടും അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍, കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷ് എന്നിവരേയും പേരെടുത്ത് പറഞ്ഞ് സ്പീക്കര്‍ താക്കീത് നല്‍കിയിരുന്നു.
നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. എന്‍ ജയരാജിനെ ശ്രദ്ധ ക്ഷണിക്കലിനായി ക്ഷണിച്ചു. എന്നാല്‍ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഒന്നും സഭാ ടി.വി പുറത്തുവിട്ടിട്ടില്ല.
കൊച്ചിയെ കൊല്ലരുതെന്നും, സ്പീക്കര്‍ നീതി പാലിക്കണമെന്നും എഴുതിയ ബാനറുകളാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. കൊച്ചി കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട വിഷയമാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തര ഇടപെടലിനായി സമര്‍പ്പിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാകൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ളവരെ പൊലീസ് തടഞ്ഞ നടപടിയെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിന് അടിയന്തര പ്രാധാന്യമില്ല. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ചെറിയ ചെറിയ പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. ഇതെല്ലാം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. എന്നാല്‍ പൊലീസ് നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചെങ്കിലും സ്പീക്കര്‍ സഭാ നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പ്രതിപക്ഷം സഭയിലെ പ്രതിഷേധം ശക്തമാക്കിയത്.
അതേസമയം, സ്പീക്കറുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ഷാഫി പറമ്പില്‍ തോല്‍ക്കും, അല്ലെങ്കില്‍ തോല്‍പ്പിക്കും എന്ന് സി പി എം പറയുമ്പോള്‍ അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാമത് എത്തിയ ബി ജെ പിയെ ജയിപ്പിക്കും എന്നല്ലേ? മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര് സമ്മതിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.