ലോറിയിലെ കയര്‍ കുരുങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം
ലോറി ജീവനക്കാരുടെ അനാസ്ഥയില്‍ വഴിയാത്രക്കാരന്‍ മരിച്ചു. ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിലാണ് സംഭവം. ലോറിയില്‍ അലക്ഷ്യമായി കുടുങ്ങിക്കിടന്ന കയറില്‍ തട്ടി മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രഭാത സവാരിക്കിറങ്ങിയ മുരളി, ചായ കുടിക്കാനായി പോകുന്ന വഴിയാണ് ലോറിയിലെ കയറില്‍ കുരുങ്ങുന്നത്. ലോറി ഡ്രൈവറോ സഹായിയോ സംഭവം അറിഞ്ഞതുമില്ല. മുരളിയെ വലിച്ചിഴച്ച് ലോറി ഇരുന്നുരോളം മീറ്റര്‍ മുന്നോട്ട് പോയി. റോഡിലുരഞ്ഞ് മുരളിയുടെ ഒരു കാല്‍ അറ്റുപോയി. ഇതിനിടെ മുരളിയുടെ തല വഴിയരികില്‍ ഉണ്ടായിരുന്ന പോസ്റ്റിലിടച്ചതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു വന്ന പച്ചക്കറി ലോറിയിയില്‍ നിന്നാണ് അലക്ഷ്യമായി കയര്‍ തൂങ്ങിക്കിടന്നത്. കാല്‍നട യാത്രക്കാരിയായ സ്ത്രീയും ബൈക്കില്‍ സഞ്ചരിച്ച ദമ്പതിമാരും ലോറിക്കു പിന്നില്‍ കെട്ടിയ കയറില്‍ കുരുങ്ങിയെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു.