ക്ലാസില്‍ ബഹളമുണ്ടാക്കിയെന്നാരോപിച്ച് അധ്യാപിക മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ചതായി പരാതി
ഇടുക്കി: ക്ലാസില്‍ ബഹളമുണ്ടാക്കിയെന്നാരോപിച്ച് വണ്ടിപ്പെരിയാറില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മൂന്നാം ക്ലാസുകാരന്റെ കരണത്താണ് അധ്യാപിക അടിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ടീച്ചര്‍ ക്ലാസിലില്ലാതിരുന്നതിനാല്‍ കുട്ടികളില്‍ ചിലര്‍ ഡസ്‌ക്കില്‍ കൊട്ടി ശബ്ദമുണ്ടാക്കി, ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ഡസ്‌കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നു എന്നാണ് കുട്ടി പറയുന്നത്. വേദന മൂലം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാര്‍ പൊലീസിനെ അറിയിച്ചു.