LogoLoginKerala

ഏഴ് ഓസ്‌കാറുമായി 'എവരിതിംഗ് എവരിവെയര്‍ ആള്‍അറ്റ് വണ്‍സ്' മിഷേല്‍ യോ മികച്ച നടി, ഡാന്‍ ക്വാന്‍, ഡാനിയേല്‍ ഷെനര്‍ട് മികച്ച സംവിധായകര്‍

പ്രേക്ഷക പ്രീതിയില്‍ ദി ഗോഡ് ഫാദര്‍ (1972), പാരസൈറ്റ് (2019) എന്നീ ക്ലാസിക്കുകളെ പിന്തള്ളിയ ചിത്രം

 
everything

മള്‍ടിവേഴ്‌സിന്റെ വാതിലുകള്‍ തുറന്നിട്ട ധീരപരീക്ഷണത്തിന് ഓസ്‌കാര്‍ സമിതിയുടെ അംഗീകാരം

മള്‍ടിവേഴ്‌സ് എന്ന ഫാന്റസിയുടെ ഭ്രമാത്മകമായ വാതിലുകള്‍ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്ന 'എവരിതിംഗ് എവരിവെയര്‍ ആള്‍ അറ്റ് വണ്‍സ്' ഓസ്‌കാറില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച സംവിധായകര്‍ക്കും മികച്ച നടിക്കുമടക്കം ഏഴ് അവാര്‍ഡുകളാണ് 'എവരിതിംഗ്' നേടിയത്. ചിത്രത്തിലെ നിയികാ കഥാപാത്രത്തെ അവതരിപ്പിച്ച  മലേഷ്യന്‍ നടിയായ മിഷേല്‍ യോ മികച്ച നടിയായപ്പോള്‍ ഡാന്‍ ക്വാന്‍, ഡാനിയേല്‍ ഷെനര്‍ട് എന്നിവര്‍ മികച്ച സംവിധായകരായി. ഇത്തവണ ഏറ്റവുമധികം ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത് എവരിത്തിംഗിനായിരുന്നു. 11 നോമിനേഷനുകളാണ് ചിത്രം നേടിയത്.

best actress


മള്‍ട്ടിവേഴ്‌സിന്റെ അനന്ത സാധ്യതകള്‍ പ്രേക്ഷകനു മുന്നില്‍ തുറന്നിടുന്നതിനോടൊപ്പം തന്നെ ഏഷ്യന്‍ - അമേരിക്കന്‍ വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ടോക്‌സിക് പാരന്റിംഗ്, നിഹിലിസം, എക്‌സിസ്റ്റന്‍ഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ കൂടി ചിത്രം പങ്കുവെക്കുന്നുണ്ട്. കൃത്യമായ ഒരു ജോണറില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഈ ചിത്രം അതിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ബ്ലാക് കോമഡി, അഡ്വഞ്ചര്‍, സയന്‍സ് ഫിക്ഷന്‍, ഫാന്റസി, മാര്‍ഷ്യല്‍ ആര്‍ട്‌സ്, അനിമേഷന്‍, റോമാന്‍സ്, ഹോറര്‍ ജോണറുകള്‍ ഒരേ സമയം കൈകാര്യം ചെയ്യുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ചടുലമായ എഡിറ്റിംഗ് കൊണ്ടും കൃത്യമായ പോപ്പ് കള്‍ച്ചര്‍ റഫറന്‍സുകള്‍ കൊണ്ടും ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് ഗംഭീര സിനിമാറ്റിക് എക്‌സ്പീരിയന്‍സാണ്. ഇതേ തീം അടിസ്ഥാനമാക്കിയുള്ള മറ്റു സിനിമകളുടെ ബജറ്റിനേക്കാള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ വി എഫ് എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകരുള്‍പ്പടെയുള്ള വെറും 9 പേരാണ്.
മെച്ചപ്പെട്ടൊരു ജീവിതം സ്വപ്‌നം കണ്ട്, അമേരിക്കയിലേക്ക് കുടിയേറിയ ചൈനീസ് ദമ്പതികളാണ് വെയ്മണ്ടും, എവ്‌ലിനും. ഉപജീവനത്തിനായി ഒരു ലൗണ്ടറി നടത്തി ജീവിക്കുന്ന അവര്‍ക്ക്, ടാക്‌സ് സംബന്ധമായ അനേകം പ്രശ്‌നങ്ങളുമുണ്ട്. ചൈനീസ് വംശജരോട് വെറുപ്പുള്ള ടാക്‌സ് ഉദ്യോഗസ്ഥയുടെ നടപടികള്‍ അവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഒരു ദിവസം ടാക്‌സ് അടയ്ക്കാനായി ഓഫീസിലേക്ക് പോകുന്ന എവ്‌ലിനു മുന്നില്‍, മള്‍ട്ടിവേഴ്‌സിന്റെ വാതിലുകള്‍ തുറക്കപ്പെടുകയാണ്. മള്‍ട്ടിവേഴ്‌സിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന ഒരു ദുഷ്ട ശക്തി ഉടലെടുത്തതായി മനസ്സിലാക്കുന്ന എവ്‌ലിന്‍, അവിടുള്ളവരെ സഹായിക്കാനായി ഇറങ്ങി പുറപ്പെടുന്നു. സ്‌നേഹമെന്തെന്നറിയാത്ത, കാരുണ്യം തൊട്ടു തീണ്ടിയില്ലാത്ത, സര്‍വ്വ ശക്തയായ ഒരു ശത്രുവിനെ എവ്‌ലിന്‍ എങ്ങനെ നേരിടുന്നു എന്നതാണ് എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിന്റെ പ്രമേയം. ഇംഗ്ലീഷിലും മാന്‍ഡറിന്‍ ഭാഷയിലുമാണ് സിനിമയിലെ സംഭാഷണങ്ങള്‍.
2022 ല്‍ പുറത്തിറങ്ങിയ എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് സിനിമാ പ്രേമികളുടെയും, നിരൂപകരുടെയും കൂട്ടായ്മയായ ലെറ്റര്‍ ബോക്‌സ്ഡില്‍, ദി ഗോഡ് ഫാദര്‍ (1972), പാരസൈറ്റ് (2019), എന്നീ ചിത്രങ്ങളെ പിന്തള്ളി എറ്റവും കൂടുതല്‍ റേറ്റിംഗ് നേടിയിരുന്നു.  സിനിമാ സങ്കേതത്തില്‍ വ്യത്യസ്തമായ പരീക്ഷണത്തിന് ധൈര്യം കാണിച്ച ഡാന്‍ ക്വാനും ഡാനിയേല്‍ ഷെനര്‍ടിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാറി ഓസ്‌കാര്‍ ബഹുമതി.

best director

'നമുക്ക് പരസ്പരം ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് നമ്മള്‍ ജീവിക്കുന്ന ഈ ഭ്രാന്തന്‍ ലോകത്തിന്റെ അരാജകത്വത്തില്‍ പരസ്പരം അഭയം പ്രാപിക്കുക എന്നതാണ്. എനിക്കുവേണ്ടി ഇത് ചെയ്ത  കഥാകൃത്തുക്കള്‍ക്ക് നന്ദി. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ നമ്മുടെ കഥകള്‍ വേഗത്തില്‍ നടക്കുന്നില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇന്റര്‍നെറ്റ് മില്ലിസെക്കന്‍ഡുകളുടെ നിരക്കില്‍ സഞ്ചരിക്കുമ്പോള്‍ സിനിമകള്‍ ലോകത്ത് വര്‍ഷങ്ങളുടെ നിരക്കിലാണ് നീങ്ങുന്നത് എന്നറിയുമ്പോള്‍ ചിലപ്പോള്‍ അല്‍പ്പം ഭയമാണ്. എന്നാല്‍ ഞങ്ങളുടെ കഥകളില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്, ഈ കഥകള്‍ എന്റെ ജീവിതത്തെ മാറ്റിമറിച്ചു'- സംവിധായകന്‍ ഡാന്‍ക്വിന്‍ ഓസ്‌കാര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

 

best director 2