എരുമേലിയില്‍ രണ്ടു പെരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ മയക്കുവെടിവെക്കും

കോട്ടയം- എരുമേലിയില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെയ്ക്കാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അക്രമാസക്തമായ കാട്ടുപോത്ത് ജനവാസമേഖലയിലേക്കിറങ്ങിയാല്‍ മയക്കുവെടിവെയ്ക്കണമെന്ന നിര്‍ദേശം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
കോട്ടയം, തേക്കടി ഡിവിഷനുകളിലുള്ള മൃഗഡോക്ടര്‍മാര്‍ക്കായിരിക്കും കാട്ടുപോത്തിനെ മയക്കുവെടിവെയ്ക്കാനുള്ള ചുമതല. ഇതിന് ശേഷം കാട്ടുപോത്തിനെ ഉള്‍ക്കാട്ടില്‍ തുറന്നുവിടും. മയക്കുവെടിവെയ്ക്കുന്നത് മുതല്‍ കാട്ടുപോത്തിനെ തുറന്നുവിടുന്നതുവരെയുള്ള കാര്യങ്ങള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും.
ഇന്നലെയാണ് എരുമേലിയിലും ആയൂരിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60), ആയൂര്‍ ഇടമുളയ്ക്കല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (60) എന്നിവരാണ് മരിച്ചത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്. കണമലയിലെ വീട്ടിന് പുറത്ത് നില്‍ക്കുകയായിരുന്ന ചാക്കോച്ചനെ ഒരു പ്രകോപനവും കൂടാതെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് തോമസിനും പരിക്കേറ്റു. ചാക്കോച്ചന്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. സ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിവരുന്നുണ്ട്. സ്ഥിരമായി ഈ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടും വനപാലകര്‍ നടപടിയെടുത്തിരുന്നില്ലയെന്നാണ് നാട്ടുകാര്‍ പറയുന്നത്.